സ്‌കൂൾ കായിക മേള ദീപശിഖ പ്രയാണം
Saturday 02 November 2024 12:02 AM IST
കോഴിക്കോട്: ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ കായികമേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖ പ്രയാണം ഇന്ന് ജില്ലയിൽ പ്രവേശിക്കും. താമരശ്ശേരിയിലാണ് ആദ്യ സ്വീകരണം. പൊതുവിദ്യാഭ്യാസ ജോ.ഡയറക്ടർ അബൂബക്കർ നയിക്കുന്ന ദീപശിഖ പ്രയാണത്തെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും സ്വീകരിക്കും. രാവിലെ 11 ന് താമരശ്ശേരി പോസ്റ്റ് ഓഫീസ് പരിസരത്തുള്ള ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന പ്രയാണത്തിൽ ബാനറുകൾ പിടിച്ച വിദ്യാർത്ഥികൾ, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എസ്.പി.സി, എൻ.സി.സി, കായിക വസ്ത്രധാരികളായ കായികതാരങ്ങൾ, കായിക അദ്ധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ അണിനിരക്കും. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ താമരശ്ശേരി ഗവ. യു.പി സ്‌കൂളിലെത്തുന്ന പ്രയാണത്തിന് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് ജില്ലയിലെ മറ്റു സ്വീകരണകേന്ദ്രങ്ങളിലേക്ക് നീങ്ങും.