കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തൽ ; തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു

Friday 01 November 2024 6:39 PM IST

തിരുവനന്തപുരം : കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഡി.ജി.പി ഷേക്ക് ദർവേശ് സാഹിബുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.

പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ തുടർനടപടികൾ കൈക്കൊള്ളുക. തുടരന്വേഷണത്തിന്റെ സാദ്ധ്യതകൾ ചൂണ്ടിക്കാട്ടി പൊലീസ് ഇരിങ്ങാലക്കുട കോടതിയിൽ റിപ്പോർട്ടും നൽകും. കോടതിയുടെ അനുമതി വാങ്ങിയിട്ടാകും തുടരന്വേഷണം നടത്തുക,​ കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി മുൻഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

തിരൂർ സതീഷിന്റെ ആരോപണത്തിന് പിന്നാലെ കേസിൽ പുനരന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും നിർദ്ദേശിച്ചിരുന്നു. ബിജെപി മുൻ ഓഫീസ് സെക്രട്ടറിയുടെ ആരോപണങ്ങൾ ഗൗരവതരമാണ്. കേസിൽ നിയമപരമായ സാദ്ധ്യതകൾ തേടണമെന്നാണ് പാർട്ടി സെക്രട്ടറിയേറ്റിൽ ഉയർന്നുവന്ന അഭിപ്രായം. കൊടകര കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രനെ രക്ഷിക്കാൻ ഇ.ഡിയും കേരളാ പൊലീസും തമ്മിൽ മത്സരമാണെന്ന് നേരത്തെ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. ഇതിനെതിരെ തെളിവില്ലാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ പ്രതികരിക്കാൻ സമയമില്ല എന്നാണ് കെ.സുരേന്ദ്രൻ പറഞ്ഞത്. 346 കേസുകളിൽ താൻ പ്രതിയാണെന്നും ഒരു കേസിൽ പോലും താൻ നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും സുരേന്ദ്രൻ തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവ് വേണം. രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല. ഇതിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.