ആനപ്പാറയിലെ കടുവകളെ നിരീക്ഷിക്കാൻ എ.ഐ ക്യാമറ

Saturday 02 November 2024 12:02 AM IST
കടുവകളെ നിരീക്ഷിക്കാൻ ആനപ്പാറയിൽ സ്ഥാപിച്ച എ.ഐ ക്യാമറ

ചുണ്ടേൽ : ആനപ്പാറയിലെ കടുവകളെ പിടികൂടാൻ ആനപ്പാറയിൽ എ.ഐ ക്യാമറകൾ സ്ഥാപിച്ചു. രണ്ട് കിലോമീറ്റർ ചുറ്റളവിൽ മൂന്ന് ക്യാമറകൾ ഉൾപ്പെടെ 26 ക്യാമറകളാണ് വനം വകുപ്പ് സ്ഥാപിച്ചത്. ഹാരിസൺസ് മലയാളം പ്ലാന്റേഷൻ ആനപ്പാറ , ഓടത്തോട് എന്നിവിടങ്ങളിലെ തേയില തോട്ടത്തിലാണ് ക്യാമറകളുള്ളത്. എ.ഐ ക്യാമറയിൽ കടുവയുടെ വിദൂര ദൃശ്യങ്ങൾ ഉൾപ്പെടെ ലഭ്യമാകും. സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ, സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അജേഷ് മോഹൻദാസ്, മേപ്പാടി റെയിഞ്ച് ഓഫീസർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. മൂന്ന് കുട്ടികളും അമ്മ കടുവയും അടങ്ങുന്ന സംഘത്തെ പിടികൂടുന്നതിനാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. മറ്റൊരു ആൺ കടുവയുടെ സാന്നിദ്ധ്യവും സ്ഥലത്ത് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ സമീപ ഗ്രാമമായ ഓടത്തോട് ആൺ കടുവയെ പ്രദേശവാസികൾ കണ്ടിരുന്നു. ഓടത്തോട് എസ്റ്റേറ്റ് പാടിക്ക് സമീപമാണ് കടുവ എത്തിയത്. തെരുവുനായ ഓടിവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് പിന്തുടർന്ന് കടുവ വരുന്നത് കണ്ടത്. ആളുകളെ കണ്ടതോടെ കടുവ ഓടി മറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.