നവീൻ ബാബുവിന്റെ മരണം അന്വേഷണ പുരോഗതി, അറിയിക്കുന്നില്ല: കുടുംബം
പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി കുടുംബത്തെ പൊലീസ് അറിയിക്കുന്നില്ലെന്ന് സഹോദരൻ അഡ്വ. പ്രവീൺബാബു. അന്വേഷണം എവിടെവരെ എത്തിയെന്നും എന്താണ് സംഭവിക്കുന്നതെന്നും വ്യക്തമല്ല. മാദ്ധ്യമങ്ങളിൽ നിന്നാണ് അന്വേഷണപുരോഗതി അറിയുന്നതെന്ന് അദ്ദേഹം 'കേരളകൗമുദി'യോട് പറഞ്ഞു.
നവീൻബാബുവിന്റെ സംസ്കാരം നടന്ന ദിവസം രാവിലെ മൊഴി രേഖപ്പെടുത്താനെത്തിയ പൊലീസ്, പിന്നീടുള്ള പുരോഗതി അറിയിച്ചിട്ടില്ല. കുടുംബം കടുത്ത മാനസികസമ്മർദ്ദത്തിലും വേദനയിലുമായിരുന്ന അവസരത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. അന്നത്തെ മാനസികാവസ്ഥയിൽ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നുമില്ല. പി.പി ദിവ്യയ്ക്കും പ്രശാന്തനുമെതിരെയാണ് പരാതി നൽകിയത്. എന്നാൽ പ്രശാന്തനെ ചോദ്യംചെയ്ത് വിട്ടയച്ചതായാണ് അറിയുന്നത്. ഗൂഢാലോചനയിൽ പ്രശാന്തനും പങ്കുണ്ട്. ഇയാൾക്കെതിരെ കേസെടുക്കാത്തതിന്റെ കാരണം അറിയില്ല.
'കളക്ടർ ആലോചിച്ച് പറഞ്ഞത്'
കളക്ടർ ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെയൊരു ദാരുണസംഭവം നടക്കില്ലായിരുന്നുവെന്ന് പ്രവീൺബാബു പറഞ്ഞു. ഇതുവരെ കളക്ടറുടെ ഭാഗത്തുനിന്ന് കുടുംബത്തിന് ആശ്വാസമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. മൊഴിയിലെ വൈരുദ്ധ്യം കളക്ടർ ആലോചിച്ച് പറഞ്ഞതാണ്. കളക്ടറോട് നവീൻബാബുവിന് ഒരു അടുപ്പവും ഇല്ലായിരുന്നു. അങ്ങനെയൊരാളോട് തെറ്റുപറ്റിയെന്ന് നവീൻ പറയില്ല. ഇതിനെതിരെ പരാതി നൽകാൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നിയമവശംകൂടി കണക്കിലെടുത്ത് മാത്രമേ തീരുമാനിക്കൂ. പോസ്റ്റുമോർട്ടം, ഇൻക്വസ്റ്റ് നടപടികളെല്ലാം കളക്ടറുടെ നേതൃത്വത്തിലാണ് നടന്നത്. നവീൻബാബുവിന്റെ കുടുംബമോ ബന്ധുക്കളോ അപ്പോൾ കണ്ണൂരിൽ എത്തിയിരുന്നില്ല.
''അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ ഇന്നലെയെത്തുമെന്ന് മാദ്ധ്യമങ്ങളിൽ വാർത്ത കണ്ടു. എന്നാൽ, എത്തിയില്ല. ഉദ്യോഗസ്ഥർ ആരും ഇതുവരെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. കളക്ടർക്കെതിരെ പരാതി നൽകാൻ തീരുമാനമെടുത്തിട്ടില്ല. ആലോചിച്ച് തീരുമാനിക്കും.
-മഞ്ജുഷ,
നവീൻ ബാബുവിന്റെ ഭാര്യ