വീട്ടുവേലക്കാരി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ കൂട്ടുപ്രതികൾക്ക് തടവുശിക്ഷ

Friday 01 November 2024 11:31 PM IST

പത്തനംതിട്ട : ജോലിയ്ക്ക് നിന്ന വീട്ടിൽ നിന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ കൂട്ടുപ്രതികൾക്ക് തടവുശിക്ഷ വിധിച്ച് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. വീട്ടുടമസ്ഥൻ ആശുപത്രിയിൽ ചികിത്സയിലായ സമയം സ്വർണ ബിസ്‌ക്കറ്റുകൾ ഉൾപ്പെടെ 47 പവനിലധികം സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലാണ് ശിക്ഷ.

ആറൻമുള കിടങ്ങന്നൂർ വല്ലന സബീർ മൻസിൽ വീട്ടിൽ ജോലിക്കുനിന്ന തിരുവനന്തപുരം പാങ്ങോട് സ്വദേശി വത്സലയാണ് മോഷണം നടത്തിയത്. കിടപ്പുമുറിയുടെ താക്കോൽ കൈക്കലാക്കിയശേഷം കവർച്ച നടത്തുകയായിരുന്നു. ഇവ സൂക്ഷിക്കാനും വിൽക്കാനും സഹായിച്ച വത്സലയുടെ അയൽവാസി പ്രണവ്(22), ഇയാളുടെ മാതാവ് രാധ (50) എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർ കേസിൽ രണ്ടും മൂന്നും പ്രതികളാണ്. പ്രണവിനെ രണ്ടുവർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചപ്പോൾ, രാധയ്ക്ക് ഒരുവർഷത്തെ തടവാണ് ശിക്ഷ വിധിച്ചത്. ജെ എഫ് എം കോടതി മജിസ്‌ട്രേറ്റ് കാർത്തിക പ്രസാദിന്റേതാണ് വിധി. വിചാരണയ്ക്കിടെ കേസിലെ ഒന്നാംപ്രതി വത്സല മരിച്ചിരുന്നു. സ്വർണം വിറ്റുകിട്ടിയ പണം കൊണ്ട് വാങ്ങിയ സ്വർണാഭരണങ്ങളും വസ്തുക്കളും പൊലീസ് അന്വേഷണത്തിൽ കണ്ടെടുത്തു. അന്ന് കോഴഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ദിലീപ് ഖാന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അദ്ദേഹം തന്നെയാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.ആർ രാജ്‌മോഹൻ കോടതിയിൽ ഹാജരായി. സി പി ഓ ജസ്റ്റിൻ ജോൺ പ്രോസിക്യൂഷനിൽ സഹായിയായി പ്രവർത്തിച്ചു.