എൻ.സി.പി കൂറുമാറ്റക്കോഴ : പാർട്ടി കമ്മിഷൻ സിറ്റിംഗ് 4ന്

Saturday 02 November 2024 12:21 AM IST

മന്ത്രിമാറ്റം നടന്നില്ലെങ്കിൽ മന്ത്രി ശശീന്ദ്രനെ പിൻവലിക്കാൻ നീക്കം

തിരുവനന്തപുരം : കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസിനെതിരെ ഉയർന്ന കൂറുമാറ്റക്കോഴ വിവാദം അന്വേഷിക്കാൻ എൻ.സി.പി ചുമതലപ്പെടുത്തിയ നാലംഗ കമ്മീഷൻ 4ന് തലസ്ഥാനത്ത് സിറ്റിംഗ് നടത്തും. എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, ആന്റണി രാജു എന്നിവരടക്കം വിവാദവുമായി ബന്ധപ്പെട്ടവരോട് ആശയവിനിമയം നടത്താനാണ് തീരുമാനം. ഇരുവരെയും സിറ്റിംഗ് സംബന്ധിക്കുന്ന വിവരമറിയിക്കും.

തോമസ്.കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ചർച്ചകൾ സജീവമായതിനിടെയാണ് ഇടതുമുന്നണിയിലെ രണ്ട് എം.എൽ.എമാരെ ബി.ജെ.പി ബന്ധമുള്ള അജിത് പവാർ പക്ഷത്തെത്തിക്കാൻ 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്ന വിവരങ്ങൾ പുറത്ത് വന്നത്. എൻ.സി.പി ദേശീയ പാർലമെന്ററി ബോർഡ് തോമസിനെ മന്ത്രിയാക്കണമെന്ന് ഏകകണ്ഠമായെടുത്ത തീരുമാനം നടപ്പാക്കണമെന്ന ആവശ്യമാവും പാർട്ടി സംസ്ഥാന നേതൃത്വം ഉപതിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയുടെ മുന്നിൽ വയ്ക്കുക. ഇത് നടപ്പായില്ലെങ്കിൽ നിലവിലെ മന്ത്രി എ.കെ. ശശീന്ദ്രനെ പിൻവലിക്കാനാണ് നീക്കം.

അതിനിടെ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.സി.പിയുടെ സിറ്റിംഗ് സീറ്റായ കാൽവാൻ സി.പി.എമ്മിന് നൽകി.