കളക്ടറുടെ മൊഴിയിൽ വ്യക്തത തേടി അന്വേഷണ സംഘം 

Saturday 02 November 2024 12:27 AM IST

കണ്ണൂർ:എ.ഡി.എം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കളക്ടർ അരുൺ കെ.വിജയിന്റെ മൊഴിയിൽ വ്യക്തത തേടി അന്വേഷണ സംഘം.

ചൊവ്വാഴ്ച ജാമ്യ ഹർജി പരിഗണിക്കുമ്പോൾ പി.പി.ദിവ്യയുടെ അഭിഭാഷകൻ ആയുധമാക്കുക നവീൻബാബുവിനെ പ്രതിക്കൂട്ടിലാക്കുന്ന ആ മൊഴിയാണ്. വിളിക്കാത്ത യാത്രയയപ്പിന് ദിവ്യ എത്തിയത് എങ്ങനെയെന്നും ദിവ്യയാണോ, കളക്ടറാണോ കള്ളം പറയുന്നതെന്നുമാണ് അറിയാനുള്ളത്.

കളക്ടർ വിളിച്ചിട്ടാണ് താൻ എത്തിയതെന്ന് ദിവ്യ ഉറച്ചു നിൽക്കുമ്പോൾ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് കളക്ടർ.

അതേസമയം, തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി ദിവ്യയ്‌ക്ക് പിടിവളളിയായി. തന്റെ മൊഴിയുടെ പൂർണരൂപം പുറത്തുവന്നിട്ടില്ലെന്ന കളക്ടറുടെ പുതിയ വെളിപ്പെടുത്തലിൽ വ്യക്തത തേടി വീണ്ടും അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം ഒരുങ്ങുകയാണ്.

ഇന്നലെ കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്നിരുന്നു. കഴിഞ്ഞ 21ന് രാത്രി കളക്ടറുടെ ക്യാമ്പ് ഓഫീസിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അത് പൂർണമായി ഉൾപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, പറഞ്ഞത് മുഴുവനും പുറത്തുവന്നില്ലെന്നാണ് കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞത് .

ഇതിനിടെ കളക്ടറുടെ വെളിപ്പെടുത്തൽ കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. ദിവ്യയുടെ അറസ്‌റ്റോടെ നിലച്ച പ്രതിപക്ഷ പ്രതിഷേധം ഇതോടെ വീണ്ടും ശക്തമായി. പി.പി.ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കുകയെന്ന നിലപാടാണ് സി.പി.എമ്മിനെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചിട്ടുണ്ട്.