മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഇടയിലേക്ക് ബസ് കയറ്റി; കേസെടുത്തു

Saturday 02 November 2024 2:27 AM IST

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് ബസ് കയറ്റിയ ഡ്രൈവർക്കെതിരെ കേസ്. കുന്ദമംഗലം സ്വദേശി രാജേഷിനെതിരെയാണ് ട്രാഫിക് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ട് നാലിന് പറയഞ്ചേരിയിലാണ് സംഭവം. ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോൾ സ്റ്റോപ്പിൽ നിറുത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ് കോർട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. ഉടൻതന്നെ ബസ് അരികിലേക്ക് മാറ്റിയതിനാൽ മുഖ്യമന്ത്രി യാത്ര തുടർന്നു. അതേസമയം അശ്രദ്ധമായും അവിവേകമായും മറ്റു യാത്രക്കാരുടെ ജീവന് അപകടം വരത്തക്കവിധത്തിലും ബസോടിച്ചതിന് ഡ്രൈവർക്കെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. യാത്രക്കാരുള്ളതിനാൽ ബസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

ദിവസങ്ങൾക്കുമുമ്പ് തിരുവനന്തപുരത്തുവച്ച് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോർട്ട് വാഹനങ്ങളും ആംബുലൻസും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനായി എസ്‌കോർട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്.