ഷൊർണൂരിൽ ട്രെയിൻ തട്ടി രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

Saturday 02 November 2024 4:56 PM IST

ഷൊർണൂർ: റെയിൽവേ പാലത്തിന് മുകളിലൂടെ നടക്കവേ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം. പാലക്കാട് ഷൊർണൂരിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തമിഴ്‌നാട് വിഴിപുരത്ത് നിന്നുള്ള കരാർ തൊഴിലാളികളായ വള്ളി, റാണി, ലക്ഷ്‌മൺ എന്ന് പേരുള്ള രണ്ടുപേർ എന്നിവരാണ് മരിച്ചത്. ശുചീകരണ തൊഴിലാളികളാണ് ഇവർ.

ട്രാക്കിൽ നിന്ന് മാലിന്യം പെറുക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ കേരള എക്‌സ്‌പ്രസ് ട്രെയിൻ കടന്നുവരികയായിരുന്നു. ട്രെയിൻ വരുന്നതുകണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൂന്നുപേരെ ട്രെയിൻ തട്ടുകയും ഒരാൾ പുഴയിലേയ്ക്ക് വീഴുകയും ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലിൽ പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.