നടൻ ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ചെറുവത്തൂർ (കാസർകോട്): 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.പി പ്രേമന്റെ വേഷം ശ്രദ്ധേയമാക്കിയ നടനും നാടക സംവിധായകനുമായ ടി.പി കുഞ്ഞിക്കണ്ണൻ(85) അന്തരിച്ചു. ചെറുവത്തൂർ കൊവ്വൽ സ്വദേശിയാണ്. ഹൃദയാഘാതം മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
പൊതുമരാമത്ത് വകുപ്പ് റിട്ട. അസിസ്റ്റന്റ് എൻജിനിയറാണ്. 2003ലാണ് വിരമിച്ചത്.
പരേതനായ കണ്ണൻ തോട്ടുംപുറം-കാട്ടാമ്പള്ളി പാറുവി ദമ്പതികളുടെ മകനാണ്. കണ്ണൂർ സംഘചേതനയുടെ പഴശ്ശി രാജ, അശ്വമേധം, സഖാവ് തുടങ്ങി നിരവധി നാടകങ്ങളിലും ന്നാ താൻ കേസ് കൊട്, മരക്കാർ, വയസ്സെത്രയായി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2018 ൽ നാഷണൽ മൈക്രോഡ്രാമാ അവാർഡ് നേടിയിട്ടുണ്ട്.
നന്മ സംസ്ഥാന സെക്രട്ടറിയാണ്. ഭാര്യ: ജാനകി (കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി റിട്ട. ഹെഡ് നഴ്സ്) മക്കൾ: ശ്രീജയ (ബെവ്‌കോ കാസർകോട് ) ശ്രീകല, ശ്രീപ്രിയ. മരുമക്കൾ : മനോജ് പെരുമ്പടവ് (എൻജിനിയറിംഗ് കോളേജ് മാങ്ങാട്ട് പറമ്പ്), മുഹമ്മദലി കൈതക്കാട്(കുവൈത്ത് ), വിജിൻ പ്രകാശ് തലശ്ശേരി (ദുബായ്), സഹോദരി: ജാനകി (വെങ്ങാട്ട്). ഭൗതീക ശരീരം വൈകുന്നേരം അഞ്ചിന് വീട്ടിൽ പൊതുദർശനത്തിന് ശേഷം രാത്രി ഏഴുമണിയോടെ വെങ്ങാട്ട് സമുദായ ശ്മശാനത്തിൽ സംസ്‌കരിച്ചു.