ചെറായി മുനമ്പം ഭൂമി സർക്കാർ ഇടപെടണം; കുഞ്ഞാലിക്കുട്ടി

Sunday 03 November 2024 1:07 AM IST

മലപ്പുറം: ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിലെ പരിഹാരം സർക്കാർ വൈകിപ്പിക്കുന്നത് മറ്റു ശക്തികൾക്ക് ആയുധമാകുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. സർക്കാർ പ്രശ്നത്തിൽ ആത്മാർഥമായി ഇടപെടണം. അതിനു തയ്യാറായാൽ ഒറ്റദിവസം കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്. അവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടണമെന്ന് ആർക്കും അഭിപ്രായമില്ല. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ആളുകളാണ്. അവരുടെ സ്വത്തുക്കൾ നഷ്ടപ്പെടരുത്. അവരുടെ രേഖകൾ ശരിയാക്കി കൊടുക്കേണ്ടതുണ്ട്. നിയമപരമായി അത് ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വം അധികാരികൾക്കാണ്. ഫാറൂക്ക് കോളേജിന് ഈ വിഷയത്തിൽ തർക്കമില്ല. മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ മുനമ്പത്തെ പ്രദേശവാസികളെ സംരക്ഷിക്കണമെന്ന തീരുമാനമാണെടുത്തത്. അത് ചെയ്യാൻ സർക്കാർ എടുക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.