പട്ടിക വിഭാഗ ഉപ സംവരണ വിധി തുല്യതയ്ക്കെതിര് : മോഹൻ ഗോപാൽ
തൃശൂർ : പട്ടിക വിഭാഗ സംവരണത്തിൽ ഉപ സംവരണം നടപ്പാക്കണമെന്ന സുപ്രീം കോടതി വിധി വ്യക്തികൾ മാത്രമല്ല, വിഭാഗങ്ങളും തുല്യമാകണയെന്ന ഭരണഘടനാ വ്യവസ്ഥയ്‌ക്കെതിരാണെന്ന് ദേശീയ ലാ കമ്മിഷൻ മുൻ ഡയറക്ടർ ഡോ.മോഹൻ ഗോപാൽ പറഞ്ഞു. സംവരണ സംരക്ഷണ സമിതി തൃശൂരിൽ സംഘടിപ്പിച്ച സാമൂഹിക നീതി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
. ബ്രിട്ടീഷുകാർ പോയാൽ ഇവിടെയുണ്ടാകാൻ പോകുന്നത് ചുരുക്കം ആൾക്കാരുടെ ഭരണമായിരിക്കുമെന്ന് 1930ൽ ഭരണഘടനാ ശിൽപ്പി അംബേദ്കർ പ്രവചിച്ചിരുന്നു. ഇതിന് പ്രതിവിധിയെന്ന നിലയിലാണ് അദ്ദേഹം ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം എല്ലാ മേഖലയിലും വേണമെന്ന് നിർദ്ദേശിച്ചത്. അംബേദ്കർ വിഭാവനം ചെയ്ത പ്രാതിനിധ്യ ജനാധിപത്യമെന്ന ആനുപാതിക പ്രാതിനിധ്യം നടപ്പാക്കണം. ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചർ എന്നിവയിലെല്ലാം ഈ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഡോ.മോഹൻ ഗോപാൽ പറഞ്ഞു.
കെ.പി.എം.എസ് ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ, പന്തം കൊളുത്തിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. . നിലവിൽ 16 എം.എൽ.എമാരാണ് പട്ടികവിഭാഗത്തിൽ നിന്നുള്ളതെന്നും,. ഇവർ മാറിയാൽ ഭരണം മാറുമെന്നും തങ്കപ്പൻ വ്യക്തമാക്കി. സമിതി ചെയർമാൻ സണ്ണി എം.കപിക്കാട്ട് സമര പ്രഖ്യാപനം നടത്തി.
റാലിയിൽ
പതിനായിരങ്ങൾ
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണത്തിന് വരുമാന പരിധിയും ഉപസംവരണവും നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നടത്തിയ സംവരണ സംരക്ഷണ റാലിയിൽ പതിനായിരങ്ങൾ അണിനിരന്നു. ജനറൽ കൺവീനർ ടി.ആർ.ഇന്ദ്രജിത്ത് അദ്ധ്യക്ഷനായി. വിവിധ ദളിത് സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ.പി.എ.പ്രസാദ്, കെ.ദേവകുമാർ, കെ.വത്സലകുമാരി, ഹരീഷ് മുളഞ്ചേരി, എം.ഐ.ശശീന്ദ്രൻ, അജിത് കുമാർ കറ്റാനം, ഇ.അനീഷ് കുമാർ, കെ.എസ്.സന്തോഷ് കുമാർ, എം.എ.ലക്ഷ്മ്ണൻ, വി.കെ.വിമലൻ, എ.ബാഹുലേയൻ, വി.സി.വിജയൻ, ഡോ.ശശിധരൻ, കെ.അംബുജാക്ഷൻ, എം.ഐ.ശശീന്ദ്രൻ, ശങ്കരൻ മുണ്ടംമാണി, മണികണ്ഠൻ കണ്ടംപിള്ളി, തങ്കമ്മ ഫിലിപ്പ്, ഇ.കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു.