മുംബയ്ക്ക് മുന്നിൽ ബ്ളാസ്റ്റേഴ്സ് വീണു

Sunday 03 November 2024 9:54 PM IST

മുംബയ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിനെ 4-2ന് കീഴടക്കി മുംബയ് സിറ്റി എഫ്.സി.മുംബയ്ക്ക് വേണ്ടി നിക്കോസ് കരേലിസ് ഇരട്ട ഗോളുകൾ നേടി.നാഥൻ റോഡ്രിഗസും ലാലിയൻ സുവാല ചാംഗ്തെയും ഓരോ ഗോൾ നേടി. ബ്ളാസ്റ്റേഴ്സിനായി ജീസസ് ജിമിനെസും ക്വാമിപെപ്രയും ഓരോ ഗോളടിച്ചു. ഗോളടിച്ചതിന് പിന്നാലെ ജഴ്സിയൂരിയതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പെപ്ര പുറത്തായത് ബ്ളാസ്റ്റേഴ്സിന് തിരിച്ചടിയായി.

മുംബയ് ഫുട്ബാൾ അരീനയിൽ നടന്ന മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ലാലിയൻ സുവാല ചാംഗ്തെയുടെ പാസിൽ നിന്ന് കരേലിസാണ് മുംബയ്‌ക്ക് വേണ്ടി ആദ്യം സ്കോർ ചെയ്തത്. എട്ടാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര ആദ്യ മഞ്ഞക്കാർഡ് കണ്ടിരുന്നു. 25-ാം മിനിട്ടിൽ മുംബയ്‌യുടെ മിഡ്ഫീൽഡർ യോയൽ വാൻ നീഫും മഞ്ഞക്കാർഡ് കണ്ടു.

55-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് കരേലിസ് രണ്ടാം ഗോളും നേടി. 57-ാം മിനിട്ടിൽ പെനാൽറ്റി വഴി തന്നെ ജിമിനെസ് തിരിച്ചടിച്ചു. 71-ാം മിനിട്ടിൽ പെപ്ര സ്കോർ ചെയ്തതോടെ കളി 2-2ന് സമനിലയിലായി.എന്നാൽ ജഴ്സിയൂരി ഗോളാഘോഷിച്ചതിന് പെപ്ര രണ്ടാം മഞ്ഞക്കാർഡും വാങ്ങി മടങ്ങി.75-ാം മിനിട്ടിൽ നഥാൻ റോഡ്രിഗസും 90-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ചാംഗ്തെയും നേടിയ ഗോളുകൾ മുംബയ്‌യുടെ വിജയം ഉറപ്പാക്കി.