മൂന്നിലും നാണംകെട്ടു
മൂന്നാം ടെസ്റ്റിൽ 25 റൺസിന് ജയിച്ച് 3-0ത്തിന് ഇന്ത്യയ്ക്ക് എതിരായ പരമ്പര തൂത്തുവാരി കിവീസ്
ഇന്ത്യ സ്വന്തംമണ്ണിൽ സമ്പൂർണ പരമ്പരത്തോൽവി വഴങ്ങുന്നത് 24 കൊല്ലത്തിന് ശേഷം
മുംബയ് : വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയെ നാമാവശേഷമാക്കി ന്യൂസിലാൻഡ് 3-0 ത്തിന് പരമ്പര തൂത്തുവാരി. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്നലെ 147 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യയെ 121 റൺസിൽ ആൾഔട്ടാക്കിയാണ് കിവീസ് ചരിത്രനേട്ടം ആഘോഷിച്ചത്. ബെംഗളുരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ എട്ടുവിക്കറ്റിനും പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 113 റൺസിനും കിവീസ് വിജയിച്ചിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ കിവീസ് 24 വർഷത്തിന് ശേഷം ഇന്ത്യയിൽ ഹോം സിരീസ് സ്വന്തമാക്കുന്ന ആദ്യ ടീമായി മാറുകയും ചെയ്തു.
ആദ്യ രണ്ട് ടെസ്റ്റുകളിലും ദാരുണതോൽവി ഏറ്റുവാങ്ങിയ ഇന്ത്യ വാങ്കഡെയിലും സമ്മർദ്ദത്തിലായിരുന്നു.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിനെ ആദ്യ ഇന്നിംഗ്സിൽ 235 റൺസിന് ആൾഔട്ടാക്കിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 263 റൺസിനാണ് പുറത്തായത്. ന്യൂസിലാൻഡിന്റെ രണ്ടാം ഇന്നിംഗ്സ് 174 റൺസിൽ അവസാനിപ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് വിജയലക്ഷ്യമായി 147 റൺസ് നിശ്ചയിക്കപ്പെട്ടത്. മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ 171/9ന് രണ്ടാം ഇന്നിംഗ്സ് തുടരാനെത്തിയ ന്യൂസിലാൻഡ് മൂന്ന് റൺസ് കൂടി ചേർത്ത് ആൾഔട്ടായി. തുടർന്ന് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്ക് 29 റൺസ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്‌ടമായതോടെ ഈ കളിയും കൈവിട്ടുപോകുമെന്ന് സൂചന ലഭിച്ചു. എന്നാൽ അഞ്ചാമനായിറങ്ങിയ റിഷഭ് പന്ത് (64) ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയേയും (6),ഏഴാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദറിനെയും (12) കൂട്ടുപിടിച്ച് മുന്നോട്ടുപോയപ്പോൾ വിജയപ്രതീക്ഷ തിരിച്ചുവന്നു. എന്നാൽ ടീം സ്കോർ 106ൽവച്ച് പന്തിന്റെ കീപ്പർ ക്യാച്ച് റിവ്യൂവിലൂടെ ന്യൂസിലാൻഡ് നേടിയപ്പോൾ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു.
ആറുവിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗ്ളെൻ ഫിലിപ്പ്സും ഒരു വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയും ചേർന്നാണ് ഇന്ത്യയെ 121ൽ ആൾഔട്ടാക്കിയത്. ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റുകളും സ്വന്തമാക്കിയിരുന്ന അജാസ് പട്ടേലാണ് മാൻ ഒഫ് ദ മാച്ച്. 244 റൺസ് പരമ്പരയിലാകെ നേടിയ കിവീസ് ബാറ്റർ വിൽ യംഗ് പ്ളേയർ ഒഫ് ദ സിരീസായി.