സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളിൽ 'പട്ടിണികിടക്കാൻ' പ്രതിഭകളെ വേണം !

Monday 04 November 2024 12:00 AM IST

തിരുവനന്തപുരം : പണം അനുവദിക്കാത്തതിനാൽ കുട്ടികൾ പോഷകാഹാരത്തിന് ബുദ്ധിമുട്ടുന്ന സ്വന്തം ഹോസ്റ്റലുകളിലേക്ക് കായികപ്രതിഭകളെ കണ്ടെത്താൻ സ്പോർട്സ് കൗൺസിലിന്റെ ടാലന്റ് ഹണ്ട് !

എറണാകുളത്ത് ഇന്നാരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിലെ മികച്ച താരങ്ങളെ കണ്ടെത്താൻ പ്രത്യേക പരിശീലക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. എന്നാൽ കൗൺസിലിന്റെ ഹോസ്റ്റലുകളിലെ കുട്ടികൾക്ക് ഭക്ഷണം നൽകാനുള്ള പണം അനുവദിച്ചിട്ട് അഞ്ച് മാസമാകുന്നു. വാർഡൻമാരുടെയും പരിശീലകരുടെയും കനിവിലാണ് മിക്ക ഹോസ്റ്റലുകളിലും കുട്ടികൾക്ക് ഭക്ഷണം കിട്ടുന്നത്.

കൗൺസിൽ നേരിട്ടു നടത്തുന്നതും സ്‌കൂൾ- കോളേജ് മാനേജ്മെന്റുകളുടെ മേൽനോട്ടത്തിൽ നടത്തുന്നതുമായ സ്പോർട്സ് ഹോസ്റ്റലുകൾക്ക് ഭക്ഷണത്തിനുള്ള പണം അവസാനം അനുവദിച്ചത് ജൂണിലാണ്. കുടിശിക കുന്നുകൂടിയപ്പോൾ പരിശീലകരും മാനേജ്മെന്റുകളും കൗൺസിലിൽ കയറിയിറങ്ങി അധികൃതരുടെ കാലുപിടിച്ചാണ് തുക അനുവദിപ്പിച്ചത്. അതിനുശേഷം ഇതിൽ അനക്കമില്ല. സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് കുടിശികയ്ക്ക് കാരണമെന്നാണ് കൗൺസിൽ പറയുന്നത്.

മെനു ബോർഡിൽ മാത്രം

  1. താരങ്ങൾക്ക് പരിശീലനത്തിനും മത്സരങ്ങൾക്കും ആരോഗ്യം നിലനിറുത്താൻ പ്രത്യേക മെനു അനുസരിച്ചുള്ള ഭക്ഷണമാണ് ഹോസ്റ്റലുകളിൽ നൽകേണ്ടത്.
  2. കൺസ്യൂമർ ഫെഡ്, ത്രിവേണി സ്റ്റോറുകൾ, മത്സ്യഫെഡ്, ഹോർട്ടികോർപ്പ്, മിൽമ എന്നിവിടങ്ങളിൽ നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്.
  3. പണം കിട്ടാതെവന്നപ്പോൾ സ്റ്റോറുകൾ സാധനങ്ങൾ നൽകാതായി. ഇതോടെ മെനുവിലുള്ള പാലും മുട്ടയും ഇറച്ചിയും മറ്റും വാങ്ങാൻ നിവൃത്തിയില്ലാതായി.
  4. പല വാർഡൻമാരും പരിശീലകരും കടംവാങ്ങിയും ഭാര്യയുടെ സ്വർണം പണയം വച്ചുമൊക്കെയാണ് കുട്ടികളെ പട്ടിണിക്കിടാതെ അത്യാവശ്യ സാധനങ്ങളെങ്കിലും വാങ്ങുന്നത്.
  5. ഫണ്ട് കൃത്യമായി നൽകാത്തതിനാൽ മെനുവിലെ ഭക്ഷണം നൽകുന്നുണ്ടോ എന്ന് പരിശോധിക്കാൻ കൗൺസിലിന് കഴിയുന്നുമില്ല.

ശമ്പളമില്ലാതെ

ജീവനക്കാർ

സ്പോർട്സ് കൗൺസിലിന്റെ താത്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസമായി. സ്ഥിരജീവനക്കാർക്ക് സെപ്തംബറിലെയും ഒക്ടോബറിലെയും ശമ്പളം ലഭിച്ചിട്ടില്ല.

കൊടുത്തത്

പുതിയ കിറ്റല്ല

ഹോസ്റ്റലുകളിലെ കുട്ടികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ സ്പോർട്സ് കിറ്റ് നൽകാത്തത് സെപ്തംബറിൽ കേരള കൗമുദി പ്രസിദ്ധീകരിച്ച 'കുലം മുടിയുന്ന കായികകേരളം' പരമ്പരയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് കൗൺസിലിൽ ഒരുവർഷമായി കെട്ടികിടന്ന കിറ്റുകൾ കഴിഞ്ഞദിവസം കുട്ടികൾക്ക് നൽകി. എന്നാൽ ഓരോ കായികഇനത്തിനും യോജിച്ച ഷൂവും അനുബന്ധവസ്തുക്കളും നൽകാതെ എല്ലാവർക്കും ഒരേ കിറ്റ് നൽകിയെന്ന് പരാതിയുണ്ട്.