ശ്രീറാമിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ല, ജാമ്യം ശരിവച്ച് ഹൈക്കോടതി
കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിക്കാനിടയായ വാഹനാപകടകേസിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്നാം കോടതി അനുവദിച്ച ജാമ്യം ശരിവച്ച കോടതി അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നും ശ്രീറാമിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അറിയിച്ചു.
പോലീസിന്റെ അന്വേഷണത്തിൽ പാളിച്ചകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ലെന്നും ഉത്തരവിൽ പറയുന്നു. ജാമ്യം ലഭിച്ച ശ്രീറാം വെങ്കിട്ടരാമൻ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. പൊലീസ് നിയമാനുസൃതം സ്വീകരക്കേണ്ട നടപടികൾ ചെയ്തില്ലെന്ന് കോടതി വിമർശിച്ചു. ഒരുമണിക്കൂർ പ്രതിയെ കസ്റ്റഡിയിൽ കിട്ടിയിട്ടും നടപടികൾ എടുത്തിട്ടില്ലെന്നും കോടതി വിമർശിച്ചു
അതേസമയം, തെളിവുകൾ കണ്ടെത്തുന്നതിൽ കൃത്യവിലോപം കാട്ടിയ കേരള പൊലീസിന് ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ശ്രീറാമിന് ജാമ്യം നൽകിയ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി പൊലീസിനെ വിമർശിച്ചത്.