മോഷ്ടാവ് പൊലീസിനെ വിസർജ്യമെറിഞ്ഞു

Sunday 03 November 2024 11:01 PM IST

അടൂർ: മോഷണക്കേസിൽ ലോക്കപ്പിലായ പ്രതി പൊലീസിനു നേരെ തന്റെ വിസർജ്യം എറിഞ്ഞു. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചു. വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി പ്രാർത്ഥിച്ച ശേഷം വൃദ്ധയുടെ മാല പൊട്ടിച്ച് കടന്ന തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജിൽ ഷിബു എസ്.നായരാണ് (47) പ്രതി. ഏനാദിമംഗലം ചാങ്കൂർ തോട്ടപ്പാലം പാലത്തിങ്കൽ മഞ്ജു സദനത്തിൽ മറിയാമ്മയുടെ സ്വർണമാലയാണ് കവർന്നത്.

വൈദികൻ ചമഞ്ഞ് നവംബർ ഒന്നിന് ഉച്ചയ്ക്ക് 12നാണ് വീട്ടിലെത്തിയത്. പള്ളിയിൽ നിന്ന് മകൾ മോളിക്ക് വായ്പ അനുവദിച്ചെന്നും തുടർ നടപടികൾക്കായി ആയിരം രൂപ വേണമെന്നും പറഞ്ഞു. മറിയാമ്മ പണവുമായി വന്നപ്പോൾ പണവും മാലയുമായി കടക്കുകയായിരുന്നു. മുണ്ടക്കയത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ആഗസ്റ്റിൽ തൃശൂരിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഷിബു ആംബുലൻസിൽ വച്ച് നഴ്സിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു. ഒക്ടോബർ 30നാണ് പുറത്തിറങ്ങിയത്.

വിവിധ ജില്ലകളിലായി 36 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം അടൂർ ഡിവൈ.എസ്.പി.സന്തോഷിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിലെ അടൂർ എസ്.എച്ച്.ഒ.ശ്യാം മുരളി, എസ്.ഐമാരായ.ബാലസുബ്രഹ്മണ്യൻ, അനീഷ്, ധന്യ, രാധാകൃഷ്ണൻ, അജി, എസ്.സി.പി.ഒ മുഹമ്മദ് റാഫി, ശ്രീജിത്ത്, മുജീബ്, ബിനു, സി.പി.ഒമാരായ ശ്യാംകുമാർ,രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.