ആവേശ കൊടുമുടിയിൽ വയനാട്

Monday 04 November 2024 12:19 AM IST

കൽപ്പറ്റ: തുലാമഴ പെയ്തിറങ്ങുമ്പോഴും പ്രചാരണച്ചൂടിന് ഒട്ടും കുറവില്ല വയനാട്ടിൽ. ആവേശക്കൊടുമുടിയിൽ പ്രചാരണം ടോപ്പ് ഗിയറിലേക്ക് നീങ്ങുകയാണ്. മൂന്നു മുന്നണികളുടേയും ഉന്നത നേതാക്കളടക്കം പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നു. ഇതിനൊപ്പം വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണവും കോർണർ മീറ്റിംഗുകളും പൊടിപൊടിക്കുന്നു. മൂന്ന് മുന്നണി നേതാക്കളുടേയും വാക്പോരിനാൽ മുഖരിതമാണ് മണ്ഡലം.

പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കിയതിലൂടെ മണ്ഡലം നിലനിറുത്താമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാൽ, രാഹുൽ മണ്ഡലം വിട്ടത് പ്രധാന പ്രചാരണായുധമാക്കി അട്ടിമറി വിജയമാണ് എൽ.ഡി.എഫും എൻ.ഡി.എയും ലക്ഷ്യമിടുന്നത്. സത്യൻ മൊകേരിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്.

ബൂത്തുതലത്തിൽവരെ അതീവ ശ്രദ്ധ നൽകിയാണ് മൂന്നുമുന്നണിയുടേയും പ്രവർത്തനം. ദേശീയ നേതാക്കളടക്കം ഇനിയും വയനാട്ടിലെത്തും. അതോടെ പ്രചാരണാവേശം ഉച്ചസ്ഥായിയിലെത്തും. വയനാട് ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ വണ്ടൂർ, ഏറനാട്, നിലമ്പൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം.

വന്യമൃഗ ശല്യമടക്കം പ്രചാരണവിഷയം

രാത്രിയാത്ര, വന്യമൃഗശല്യം, ചുരം റോഡ്, ആരോഗ്യരംഗം, കൃഷിക്കാരുടെ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ ഉപതിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നു. ഇതിനൊപ്പം ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും. തൃശൂർ പൂരം കലക്കൽ, കണ്ണൂർ എ.ഡി.എമ്മിന്റെ മരണം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള പുനരധിവാസ പ്രവർത്തനങ്ങൾ അടക്കം പ്രചാരണ വിഷയമാകുന്നുണ്ട്.

ഭൂരിപക്ഷം കൂട്ടാൻ യു.ഡി.എഫ്

പ്രിയങ്കാ ഗാന്ധിക്ക് അഞ്ചുലക്ഷത്തിലേറെ ഭൂരിപക്ഷം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് പ്രവർത്തനം. സംസ്ഥാന

സർക്കാരിന്റെ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും പ്രതീക്ഷ. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ചൂണ്ടിക്കാട്ടുന്നു. അതേസമയം, വയനാടിന് വേണ്ടി പാർലമെന്റിൽ ഒരക്ഷരം ശബ്ദിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും ഒടുവിൽ മണ്ഡലത്തെ രാഹുൽ കൈവിട്ടെന്നുമുള്ള പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കുക എന്ന വെല്ലുവിളി നേരിടുന്നുണ്ട്.

അട്ടിമറി പ്രതീക്ഷിച്ച് എൽ.ഡി.എഫ്

സത്യൻ മൊകേരിയിലൂടെ അട്ടിമറി വിജയമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. രാഹുൽഗാന്ധി മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന ആരോപണം കടുപ്പിക്കുന്നു. അതിനൊപ്പം സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയും പ്രചാരണായുധമാക്കുന്നു. എന്നാൽ, എ.ഡി.എമ്മിന്റെ മരണമുൾപ്പെടെയുള്ള വിഷയങ്ങളും ഭരണവിരുദ്ധ വികാരവും പ്രതിരോധിക്കേണ്ടി വരുന്നു.

നേട്ടംകൊയ്യാൻ എൻ.ഡ‌ി.എ

എൻ.ഡി.എ വിജയിച്ചാൽ വയനാടിനെ കാത്തിരിക്കുന്നത് വികസന വിപ്ളവമായിരിക്കുമെന്നു കാട്ടിയാണ് പ്രചാരണം. വയനാട്ടിലെ ടൂറിസ്റ്റുകാരെ പോലെയാണ് രാഹുലും പ്രിയങ്കയുമെന്നും പരിഹസിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും പ്രചാരണായുധമാക്കുന്നു. എന്നാൽ, വയനാട് ദുരന്തത്തിൽ ഇതുവരെ കേന്ദ്രം ധനസഹായം പ്രഖ്യാപിക്കാത്തതിനെ അടക്കം പ്രതിരോധിക്കേണ്ടി വരുന്നുണ്ട്.

2024​ലെ​ ​വോ​ട്ട് ​നില

രാ​ഹു​ൽ​ ​ഗാ​ന്ധി​ ​(​കോ​ൺ.​)​​​:​ 6,​​47,​​445
ആ​നി​ ​രാ​ജ​ ​(​സി.​പി.​ഐ​)​:​ 2,​​83,​​023
കെ.​ ​സു​രേ​ന്ദ്ര​ൻ​ ​(​ബി.​ജെ.​പി​)​:​ 1,​​41,​​045
രാ​ഹു​ലി​ന്റെ​ ​ഭൂ​രി​പ​ക്ഷം​:​ 3,​​64,​​422