വയനാടിന് അനുയോജ്യ പ്രിയങ്കയെന്ന് രാഹുൽ

Monday 04 November 2024 12:22 AM IST

കൽപ്പറ്റ: വയനാടിന് ഏറ്റവും അനുയോജ്യയായ ജനപ്രതിനിധി പ്രിയങ്കയായിരിക്കുമെന്നും വയനാട്ടിലെ ഓരോ പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് പ്രിയങ്ക ഇപ്പോൾ തന്നെ കുറിപ്പുകൾ ഉണ്ടാക്കാൻ തുടങ്ങിയെന്നും രാഹുൽ ഗാന്ധി. വയനാട്ടിലെ ജീവൽപ്രധാനമായ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് പ്രിയങ്കാഗാന്ധിയും. വയനാട് മണ്ഡലത്തിൽ മൂന്നാം വട്ട പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക ഇന്നലെ സഹോദരൻ രാഹുലിനൊപ്പം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന കോർണർ മീറ്റിംഗുകളിൽ പങ്കെടുത്തു. . ഗാന്ധി പാർക്കിലെത്തിയ ഇരുവരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

രാത്രി യാത്രാ നിരോധനം മൂലം അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം പരിഹരിക്കപ്പെടണം. തൊഴിലില്ലായ്മ ഏറ്റവും ഉയരത്തിലാണ്. കുട്ടികൾക്ക് ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണ്. വിലക്കയറ്റം മൂലം സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്. ചുരം റോഡിലടക്കം ഗതാഗത പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരമായി ബദൽ പാതകൾ ഉണ്ടാവണം.. വന്യജീവി ശല്യത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നു. വിളകൾ നശിപ്പിക്കപ്പെടുന്നു. ആദിവാസികൾക്ക് വീട് നിർമിക്കുന്നതിന് കൂടുതൽ ഫണ്ട് ആവശ്യമുണ്ട്. കൂടുതൽ തൊഴിൽ സൃഷ്ടിക്കേണ്ടതുണ്ട്. ആരോഗ്യ പരിരക്ഷ സംവിധാനത്തിന്റെ അഭാവമുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സാമ്പത്തിക വിഹിതം ഉയർത്തുന്നതിന് വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, യു. ഡി.എഫ് കൺവീനർ എം എം ഹസൻ തുടങ്ങിയവർ പ്രസംഗിച്ചു.