അരവിന്ദ് സാവന്തിന്റെ പരാമർശം: ആയുധമാക്കി മഹായുതി
ന്യൂഡൽഹി: ബി.ജെ.പിയിൽ നിന്ന് ശിവസേന (ഷിൻഡെ)യിലെത്തിയ ഷൈന എൻ.സിക്കെതിരെ ശിവസേന(ഉദ്ധവ്) നേതാവും എം.പിയുമായ അരവിന്ദ് സാവന്ത് നടത്തിയ ലൈംഗിക പരാമർശം ആയുധമാക്കി ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം. ഇതിന്റെ ഭാഗമായി നിരവധി പ്രതിഷേധ പരിപാടികൾ സഖ്യം സംഘടിപ്പിച്ചു.
സഹോദരിക്കെതിരെ ഒരിക്കലും നടത്താൻ പാടില്ലാത്ത പരാമർശമാണ് സാവന്തിൽ നിന്നുണ്ടായതെന്ന് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. സാവന്തിനെതിരെ നടപടി വേണമെന്നും ഇല്ലെങ്കിൽ കോൺഗ്രസ് അടക്കമുള്ള മഹാ വികാസ് അഘാഡിയുടെ സ്‌ത്രീവിരുദ്ധ നയത്തിന്റെ ഭാഗമായി കണാക്കുമെന്നും ബി.ജെ.പി വക്താവ് ഷെഹ്‌നാദ് പൂനെവാല പ്രതികരിച്ചു. ഇതിനിടെ, സാവന്തിനെതിരെ ഷൈന പൊലീസിൽ പരാതി നൽകി. സ്ത്രീയെ ബഹുമാനിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും സാവന്തിന്റെയും പാർട്ടിയുടെയും നിലപാടാണ് വ്യക്തമായതെന്നും ഷൈന പറഞ്ഞു.
''ജീവിതകാലം മുഴുവൻ ബി.ജെ.പിയിൽ ആയിരുന്ന ഷൈന മറ്റൊരു പാർട്ടിയിലേക്ക് പോയി, ഇറക്കുമതി ചെയ്ത 'ചരക്ക്" ഇവിടെ ജയിക്കില്ല, യഥാർത്ഥ 'ചരക്ക്" മാത്രമേ സ്വീകരിക്കപ്പെടൂ"" എന്നായിരുന്നു സാവന്തിന്റെ പരാമർശം.
മാപ്പ് പറഞ്ഞ് സാവന്ത്
വിവാദ പരാമർശത്തിൽ കഴിഞ്ഞദിവസം അരവിന്ദ് സാവന്ത് മാപ്പു പറഞ്ഞിരുന്നു. 55 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും സ്ത്രീകളെ അനാദരിച്ചിട്ടില്ല. തന്റെ പ്രസ്‌താവനയെ ബോധപൂർവം വളച്ചൊടിക്കുകയാണ്. പ്രസ്താവന ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സാവന്ത് പറഞ്ഞു. ഈ പ്രസ്താവനയെ തിരഞ്ഞെടുപ്പ് ആയുധമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.