കോഴിക്കോടിന്റെ മുഖം തന്നെ മാറ്റാൻ കേന്ദ്ര സർക്കാർ, ബംഗളൂരുവും ചെന്നൈയും പോലെയാകും, 450 കോടിയുടെ നവീകരണ പദ്ധതി

Monday 04 November 2024 9:07 AM IST

കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ ഐ.ടി ഹബ്ബാകാനും കൂടിയാകാനുള്ള ഒരുക്കത്തിലാണ്. 46 ഏക്കർ സ്ഥലത്ത് 445.95 കോടി രൂപ ചെലവിൽ സ്‌റ്റേഷൻ അന്താരാഷ്ട്രനിലവാരത്തിൽ നവീകരണം പൂർത്തിയാകുമ്പോൾ പരിസര പ്രദേശത്തെ ഐ.ടി ഹബ്ബാക്കി മാറ്റാനാണ് പുതിയ പദ്ധതി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

ചെന്നൈ, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലെ ഐ.ടി ഹബ്ബുകളെ കുറിച്ച് പഠിക്കാനായി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും റെയിൽവേ സ്രേഷൻ പരിസരത്ത് ഇതിനായി സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്‌റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി എത്തിയതായിരുന്നു അദ്ദേഹം. എം.കെ രാഘവൻ എം.പിയുമായും റെയിൽവേ ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എം.കെ. രാഘവൻ, എം.പി. വി.മുരളീധരൻ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.


നിർമ്മാണം പുരോഗമിക്കുന്നു


റെയിൽവേ സ്രേഷൻ നവീകരണം പുരോഗമിക്കുകയാണ്. നിലവിൽ 6 മാസത്തെ ജോലികൾ പൂർത്തിയായി.

രണ്ടാം പ്ലാറ്റ്‌ഫോമിലും നാലാം പ്ളാറ്റ്‌ഫോമിലും പ്രവേശനകവാടത്തിനു സമീപവും മറ്റുമാണ് ഇപ്പോൾ പ്രവൃത്തികൾ നടക്കുന്നത്. കോളനിയിലെ പഴയകെട്ടിടങ്ങൾ ഉടൻ പൊളിക്കും. ഈ ഭാഗത്ത് വിപുലമായ പാർക്കിംഗ് സൗകര്യമൊരുങ്ങും. ക്വാട്ടേഴ്സുകൾ പൊളിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. ഒന്നാം പ്ലാറ്റ്‌ഫോമിലെ കെട്ടിടങ്ങൾ അടുത്ത മാസം പൊളിച്ച് തുടങ്ങും. നിലവിലെ മുഴുവൻ റെയിൽവേ ക്വാർട്ടേഴ്സുകളും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ടവറുകളിലേക്ക് മാറ്റും. പടിഞ്ഞാറ് ഭാഗത്തെ ഒഴിഞ്ഞ പ്രദേശത്തെ വ്യാവസായിക ഇടമായി മാറ്റാനും പദ്ധതിയുണ്ട്. മുംബൈ അന്ധേരി ഗൊരേഗാവ് നിന്നുള്ള നിർമാണക്കമ്പനിയായ വൈ.എഫ്.സി.യുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് നിർമാണക്കരാർ എടുത്തിരിക്കുന്നത്.


ഒരുങ്ങുന്നത് ആധുനിക സൗകര്യങ്ങൾ


5 നിലകളിലായി ഉയരുന്ന പുതിയ സ്രേഷൻ കെട്ടിടത്തിൽ യാത്രക്കാർക്കു ലഭിക്കുന്നത് അത്യാധുനിക സൗകര്യങ്ങളാണ്. യാത്രക്കാർക്കായി വിശ്രമമുറികൾ

ഷോപ്പിംഗ് കൗണ്ടറുകൾ തുടങ്ങി നിരവധി നൂതന സൗകര്യങ്ങളുമുണ്ടാകും.

നിലവിലെ അഞ്ചുമീറ്റർ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവർബ്രിഡ്ജുകൾക്കുപകരം 12 മീറ്റർ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവർബ്രിഡ്ജുകൾ സ്ഥാപിക്കും.

പാർക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവർബ്രിഡ്ജുകളിൽ നിന്നും കോൺകോഴ്സിൽനിന്നും സ്‌കൈവാക്ക് സൗകര്യം.

ആദ്യഘട്ടത്തിൽ നാല് പ്ലാറ്റ്‌ഫോമുകൾ നിർമിക്കും.

റെയിൽവേ സ്രേഷനിൽ ഒരേസമയം 1100 കാറുകൾ, 2500 ഇരുചക്രവാഹനങ്ങൾ, 100 ബസുകൾ എന്നിവയ്ക്കുള്ള പാർക്കിംഗ് സൗകര്യമൊരുക്കും.

1.5 എം.എൽ.ഡി ശേഷിയുള്ള സീവേജ് പ്ലാന്റും സ്രേഷനിൽ ഒരുക്കുന്നുണ്ട്.

പദ്ധതിയുടെ കരാർ കാലാവധി മൂന്നുവർഷം.


'' സ്‌റ്റേഷന്റെ ഇരുഭാഗത്തും ഒരേ സമയം പണി പൂർത്തിയാക്കി അതിവേഗം പദ്ധതി പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്''അശ്വിനി വൈഷ്ണവ്, കേന്ദ്ര റെയിൽവേ മന്ത്രി