ഇതാണ് നമ്മുടെ കേരള പൊലീസ്, ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ സെക്കന്റുകൾക്കകം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു

Monday 04 November 2024 9:36 AM IST

കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ കയർ കുരുക്കിട്ട് തയ്യാറായിരുന്ന യുവാവിനെ നിമിഷങ്ങൾക്കകം സ്ഥലത്തെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അഭിനന്ദനം അർഹിക്കുന്ന ഈ പ്രവർത്തിക്കുപിന്നിൽ. കോഴിക്കോട് ജോലി നോക്കുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് അറിയിച്ച് സുഹൃത്ത് പുലർച്ചെ 5.40ന് പൊലീസ് സ്റ്റേഷനിലെത്തി.

പരാതി കിട്ടിയതും നടക്കാവ് പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. കുതിരവട്ടത്ത് ഒരു ലോഡ്‌ജിൽ നിന്നും ഇയാളുടെ മൊബൈൽ ലൊക്കേഷൻ ലഭിച്ചു. ഇതോടെ വേഗം ലോഡ്‌ജിലെത്തിയ പൊലീസ് റിസപ്‌ഷനിൽ ഇരുന്നയാളോട് യുവാവിന്റെ ഫോട്ടോ കാണിച്ചു. ഇയാൾതന്നെയാണ് റൂമെടുത്തതെന്ന് മനസിലാക്കി റൂം തള്ളിത്തുറന്ന സമയത്ത് ആത്മഹത്യ ചെയ്യാൻ കുരുക്ക് തയ്യാറാക്കിയിരിക്കുന്ന കാഴ്‌ചയാണ് കണ്ടത്.

തുടർന്ന് ഇയാളെ രക്ഷിച്ച് 10.45ന് സ്‌റ്റേഷനിലെത്തിച്ചു. തുടർന്ന് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം തിരികെ അയച്ചു. നടക്കാവ് പൊലീസ് സ്റ്റേഷൻ എസ്.ഐ ലീല, എസ്.സിപിഒമാർ അനീഷ് ബാബു, അബ്‌ദുൾ സമദ്, ഷജൽ ഇഗ്നേഷ്യസ് എന്നിവരാണ് അന്വേഷണം നടത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 04712552056)