'കേര' പദ്ധതിക്ക് 1655.85കോടി രൂപ

Tuesday 05 November 2024 12:26 AM IST

കേരളത്തിന്റെ പുതിയ പദ്ധതിക്ക് ലോക ബാങ്ക് അംഗീകാരം

തിരുവനന്തപുരം; കാലാവസ്ഥ വ്യതിയാനം മറികടന്ന് മികച്ച വരുമാനം നേടുന്നതിന് കൃഷിവകുപ്പ് സമർപ്പിച്ച 'കേര' (കേരള ക്ലൈമറ്റ് റെസിലന്റ് അഗ്രിവാല്യൂ ചെയിൻ ) പദ്ധതിയ്ക്ക് ലോകബാങ്കിന്റെ അംഗീകാരം. ഒക്ടോബർ 31ന് നടന്ന ലോക ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടർമാരുടെ ബോർഡ്‌ യോഗത്തിലാണ് 2365.5കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഇതിലൂടെ 1655.85കോടി രൂപ ധനസഹായം അനുവദിച്ചെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. 23.5 വർഷത്തിൽ തുക തിരിച്ചടക്കണം.5.5 ശതമാനമാണ് പലിശ .
സംസ്ഥാന വിഹിതം 709.65കോടി രൂപയാണ്. അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കും. നാല് ലക്ഷം കർഷകർക്ക് പ്രത്യക്ഷമായും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്ത്രീകളുടെ ചെറുകിട ഇടത്തരം കാർഷിക സംരംഭങ്ങൾക്കുള്ള വാണിജ്യ സഹായമായി 76 കോടി രൂപ പ്രത്യേക ധന സഹായവും ഉൾപ്പെടുന്നു.