കൊടിയേറി കൗമാര മാമാങ്കം, മത്സരങ്ങൾ ഇന്നുമുതൽ
കൊച്ചി: അറബിക്കടലിന്റെ മടിത്തട്ടിൽ കേരളത്തിന്റെ കൗമാരകായിക മാമാങ്കത്തിന് ദീപം തെളിഞ്ഞു. ഇനിയുള്ള ഏഴ് ദിനരാത്രങ്ങൾ 17 വേദികളിൽ ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികമേളയിലെ തീപാറും പ്രകടനങ്ങൾക്ക് കാതോർക്കാം. ഇന്നലെ വൈകിട്ട് പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ, കൗമാരതാരങ്ങളെ സാക്ഷിയാക്കി മേളയുടെ ബ്രാൻഡ് അംബാസിഡർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷും മന്ത്രി വി.ശിവൻകുട്ടിയും ഇൻക്ലൂസീവ് കായികതാരം എസ്. ശ്രീലക്ഷ്മിയും ചേർന്ന് ഭാഗ്യചിഹ്നമായ 'തക്കുടു' കൈയ്യിലേന്തിയ ദീപശിഖയ്ക്ക് അഗ്നിപകർന്നു.
ഔദ്യോഗിക ഉദ്ഘാടനം വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സംസ്‌കാരിക സമ്മേളനം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കൊച്ചിയെ ആവേശത്തിലാഴ്ത്തി 14 ജില്ലകൾ അണിനിരന്ന മാർച്ച പാസ്റ്റ് വർണാഭമായി. ഇൻക്ലൂസീവ് കായികതാരങ്ങളെ ആദ്യം അണിനിരത്തിയുള്ള മാർച്ച് പാസ്റ്റ് ഒരുമയുടെ സന്ദേശമായി. ഇന്ന് നീന്തലും ക്രിക്കറ്റുമടക്കം 24 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.