ശിവഗിരി സന്യാസി സംഘം അഞ്ഞൂറ്റമ്പലം വീരർക്കാവിൽ

Tuesday 05 November 2024 1:10 AM IST

നീലേശ്വരം: വെടിക്കെട്ടിലടക്കം മുമ്പുണ്ടായിട്ടുള്ള അപകടങ്ങളിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ടു പോകാൻ സമൂഹം തയ്യാറാകണമെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. നാലു പേർക്ക് ജീവൻ നഷ്ടപ്പെടുകയും 148 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിക്കെട്ട് അപകടം നടന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ശിവഗിരി സന്യാസി സംഘത്തിനൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ഉപദേശം ചെവിക്കൊള്ളണം.കേരളീയ സമൂഹത്തിന്റെ പൊതുവായ നന്മക്കും മനുഷ്യജീവിതങ്ങൾക്കും വേണ്ടിയാണ് ഗുരുദേവൻ ചില ഉപദേശങ്ങൾ നൽകിയത്. ഹിന്ദു സമുദായം പൂർണ്ണമായും അത് ഉൾക്കൊള്ളണം. അല്ലെങ്കിൽ നീലേശ്വരത്ത് നടന്നതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കും. ആനയുടെ എഴുന്നെള്ളത്തും വെടിക്കെട്ട് നടത്തുന്നതും സർക്കാരും കോടതികളും വിലക്കിയിട്ടുള്ളതാണ്. ഉത്സവാഘോഷങ്ങൾ

നടത്തുന്നവർ അതുൾക്കൊള്ളാനും അനുസരിക്കാനും തയ്യാറാകാത്തത് നിയമ നിഷേധമാണ്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടവും തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ അപകടവും നമ്മുടെ ഓർമ്മയിലുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ക്ഷേത്ര കമ്മിറ്റി അംഗങ്ങളുമായി അദ്ദേഹം ചർച്ച നടത്തി. അപകടത്തിൽ മരിച്ച നാലു പേരുടെയും വിയോഗത്തിൽ ശിവഗിരി മഠത്തിന് വേണ്ടി അനുശോചനം അറിയിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശിവനാരായാണ തീർത്ഥ, ദേശികാനന്ദ യതി, സ്വാമി സുരേശ്വരാനന്ദ, ബ്രഹ്മചാരി സൂര്യശങ്കർ, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കൺവീനർ വിനോദ് ആറ്റിപ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.