കേരളത്തിൽ നിന്ന് പൊന്ന് വാരാൻ മല്ലൂസ് ഫ്രം ദുബായ്!
കൊച്ചി: കേരള സ്‌കൂൾ കായിക മേളയിൽ കന്നിയങ്കത്തിന് ഗൾഫിൽ നിന്ന് മല്ലു ബോയ്സ് കൊച്ചിയിലെത്തി. കൊച്ചിയുടെ മണ്ണിൽ പൊന്ന് വിളയിക്കാമെന്ന ആത്മവിശ്വാസത്തിലാണിവർ. 50 പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 26 കുട്ടികൾ അടങ്ങുന്ന സംഘം രാവിലെയും 19 കുട്ടികളടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെയുമെത്തി. 5 പേർ നാളെ എത്തും. ആദ്യ അങ്കമായതിനാൽ അണ്ടർ 19 വിഭാഗത്തിലുള്ള ആൺകുട്ടികൾ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്.
ഒരുമാസത്തെ ഒരുക്കം
ഒരുമാസം മുമ്പാണ് ഗൾഫിലെ കേരള ബോർഡ് സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്ഷണം ലഭിച്ചത്. വർഷങ്ങളായി കാത്തിരുന്ന നിമിഷമായതിനാൽ ഒന്നിനുവേണ്ടിയും കാത്തിരുന്നില്ല. കേരള ബോർഡ് സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഇന്റർസ്കൂൾ കായികമേള സംഘടിപ്പിച്ചു. അതിൽ നിന്ന് വിജയികളായവരെയാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുപ്പിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലെ കുട്ടികൾക്കും അർഹിക്കുന്ന പരിഗണന നൽകി കേരളത്തിലേക്ക് എത്തിച്ച വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും നന്ദിയുണ്ടെന്ന് ദുബായി ന്യൂ മോഡൽ ഇന്ത്യൻ സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി എം.എ നിസ്താർ പറഞ്ഞു. ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ, അബുദാബി എന്നിവിടങ്ങളിലെ സ്കൂളുകളിലെ കുട്ടികളാണ് സംഘത്തിലുള്ളത്. വോളിബാൾ, ബാസ്കറ്റ് ബാൾ, ഫുട്ബാൾ, അത്‌ലറ്റിക്സ് എന്നീ വിഭാഗങ്ങളിലാണ് പങ്കെടുക്കുക.
കലോത്സവത്തിനും റെഡി
ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിലും പങ്കെടുക്കാൻ ക്ഷണം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരമെന്ന് അദ്ധ്യാപകർ പറഞ്ഞു. ജനുവരിയിൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് പരീക്ഷയുള്ളതിനാൽ മറ്റുള്ള കുട്ടികളെ പങ്കെടുപ്പിക്കും.
വലിയ അഭിമാനം തോന്നുന്നുണ്ട്. അടുത്ത വർഷം മുതൽ കൂടുതൽ കൂട്ടികളെ പങ്കെടുപ്പിക്കും.
സുമേഷ് കുമാർ
ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി
ഗൾഫ് മോഡൽ സ്കൂൾ ദുബായ്
ഇവിടുത്തെ കുട്ടികൾ എങ്ങനെയാണ് മത്സരിക്കുന്നതെന്നും അവർ തയ്യാറെടുക്കുന്നതെന്നും കാണാൻ ആഗ്രഹമുണ്ടായിരുന്നു. അവർക്കൊപ്പം മത്സരിക്കാൻ സാധിക്കുന്നതിലും അഭിമാനമുണ്ട്.
മുഹമ്മദ് ഹിസാൻ
ഇന്ത്യൻ സ്കൂൾ
ഫുജൈറ