പാതാളമായി പാതാർ, തകർന്നടിഞ്ഞു ഉൾനാടൻ ഗ്രാമം, 80ഓളം കുടുംബം ദുരിതാശ്വാസ ക്യാമ്പിൽ

Wednesday 14 August 2019 2:27 AM IST

അതിരുവീട്ടി മലയിലെ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ പാതാർ ഗ്രാമത്തിലെ വാസയോഗ്യമല്ലാതായ വീടുകളിലൊന്ന്. ഫോട്ടോ: എ.ആർ.സി.അരുൺ

എടക്കര (മലപ്പുറം): പോത്തുകല്ല് പാതാർ എന്ന സ്ഥലം ഇന്നില്ല. ഉരുൾ പൊട്ടലിൽ അതൊരു പാതാളമായി മാറി. ആ പാതാളത്തിൽ അത്രയും ഇപ്പോൾ അതിരുവീട്ടി മലയിലെ കൂറ്റൻപാറകളും വൻമരങ്ങളും മാത്രം. കുടിയേറ്റ ജനതയുടെ ഒരായുസിലെ അദ്ധ്വാനം മുഴുവൻ ക്ഷണനേരം കൊണ്ട് ഇല്ലാതായി. ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്തവിധം തകർന്നടിഞ്ഞു ഈ ഉൾനാടൻ ഗ്രാമം. എന്നാൽ ഇവിടെ ആളൊഴിഞ്ഞതിന് ശേഷമാണ് മലയിടിഞ്ഞ് വന്നത്. അതിനാൽ വൻ ജീവഹാനി ഒഴിവായി.

ആഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചിനാണ് മലവെള്ളപ്പാച്ചിൽ പാതാർ അങ്ങാടിയിലേക്ക് വന്നത്. വൈകിട്ട് മൂന്നിന് തന്നെ മുകളിലുള്ള ഗർഭംകലക്കി മലയിലും തേൻമലയിലും ചെറിയ ഉരുൾപൊട്ടലുണ്ടായി. ഇതിന് പിന്നാലെ അങ്ങാടിക്ക് പിന്നിലെ ഇഴുവാത്തോട്ടിൽ കലക്കവെള്ളം ഒഴുകിയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. ഇതോടെയാണ് ആളുകൾ വീടുകളൊഴിഞ്ഞത്. അതിന്‌ ശേഷമാണ് അതിരുവീട്ടിമല പൊട്ടി ഭീമൻ പാറകളും മരങ്ങളും മലവെള്ളവും ചേർന്ന് പാതാറിനെ വിഴുങ്ങിയത്.


ഉരുൾപൊട്ടലിൽ അങ്ങാടിയിലെ 11 കച്ചവട സ്ഥാപനങ്ങൾ തകർന്നടിഞ്ഞു. അഞ്ചുവീടുകൾ ഒഴുകിപ്പോയി. പത്ത് വീടുകൾ തകർന്ന് വാസയോഗ്യമല്ലാതായി. ടൗണിലെ പള്ളിയും അനുബന്ധ കെട്ടിടവും തകർന്നു. 80ഓളം കുടുംബത്തിലെ ആളുകൾ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. അങ്ങാടിയിലെ തകർന്ന കടകളിൽ കുടുങ്ങിയ 20 പേരെയും വീടിനുള്ളിൽ അകപ്പെട്ട പൈനാടൻ ജോബിയെയും കുടുംബത്തെയും നാട്ടുകാർ രക്ഷിച്ചു. ഇപ്പോൾ ഇനിയെന്തെന്നറിയാതെ പാതാറിലെ ജനം പാതാളമായി മാറിയ സ്ഥലം നോക്കി പകച്ചു നിൽക്കുകയാണ്.

Advertisement
Advertisement