പാലക്കാട്ടെ നെല്പാടങ്ങളെ സാരിയുടുപ്പിച്ച് കർഷകർ, പിന്നിലെ കാരണമിതാണ്
വടക്കഞ്ചേരി: കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ നെൽകൃഷി സംരക്ഷിക്കാൻ പതിനെട്ടടവും പയറ്റുകയാണ്. നെൽപ്പാടങ്ങളെ സാരിയുടുപ്പിച്ചും നെറ്റ് കെട്ടിയും പന്നികളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുകയാണ് ഒരുപറ്റം കർഷകർ. വടക്കഞ്ചേരിയിൽ രണ്ടാംവിള നെൽക്കൃഷിക്കായി ഒരുക്കം നടക്കുന്ന നെൽപ്പാടങ്ങളെല്ലാം ഇപ്പോൾ പഴയ സാരികളും പ്ലാസ്റ്റിക് ചാക്കുകളും നെറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുമ്പ് വനാതിർത്തികളിലെ കരപ്പാടങ്ങളിൽ മാത്രമാണ് പന്നിശല്യമുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വനാതിർത്തി വിട്ട് ആളുകൾ തിങ്ങിപ്പാർക്കുന്ന ടൗൺ പ്രദേശങ്ങളിലും നെൽപ്പാടങ്ങളിലും പന്നിശല്യം രൂക്ഷമായി. ഓരോവർഷവും പന്നികൾ പെരുകി വലിയ കൂട്ടങ്ങളാവുകയാണ്. 15-20 എണ്ണം വരുന്ന പന്നിക്കൂട്ടങ്ങൾ രാത്രി പാടങ്ങളിലെത്തി കൃഷി നശിപ്പിക്കും. പറമ്പുകളിലും വലിയ തോട്ടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കപ്പ ഉൾപ്പെടെ കിഴങ്ങുവർഗങ്ങളൊന്നും കൃഷി ചെയ്യാനാകാത്ത സ്ഥിതിയായി. റോഡിനു കുറുകെ പന്നിക്കൂട്ടങ്ങൾ ഓടുമ്പോഴുണ്ടാകുന്ന അപകടങ്ങൾക്കും കണക്കില്ല. ഇത്തരം അപകടങ്ങളിലെ മരണ നിരക്കുകളും ഉയരുകയാണ്. ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളുമാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. പന്നി ശല്യത്തിന് പ്രായോഗിക പരിഹാരം അടിയന്തരമായി ഉണ്ടായില്ലെങ്കിൽ നെല്ല് ഉൾപ്പെടെ കൃഷികളെല്ലാം ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
രണ്ടാംവിള സംരക്ഷിക്കാൻ പെടാപ്പാട് രണ്ടാംവിള കൃഷിക്കായി ഒരുക്കം നടക്കുന്ന വടക്കഞ്ചേരി ആയക്കാട് പാടം സാരിയുടുത്തും നെറ്റുകൾ കെട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. വിത്ത് പാകി അതിനു ചുറ്റും സാരികൾ വലിച്ചുകെട്ടിയാണ് കർഷകർ നെൽച്ചെടികൾക്ക് സംരക്ഷണം നൽകുന്നത്. കാട്ടുപന്നിയാണ് ഏറെ ശല്യക്കാർ. ഇവ കൂട്ടമായെത്തി ചെളിക്കണ്ടത്തിൽ ഉരുണ്ടും കുത്തിമറിച്ചും മുളച്ചു വരുന്ന വിത്തെല്ലാം നശിപ്പിക്കും. മയിലുകളാണ് മറ്റൊരു ശല്യക്കാർ. പാകിയ നെല്ല് തിന്നുതീർത്താണ് ഇവ കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. ദേശാടന കൊക്കുകളുടെ വലിയപടയും കർഷകരെ ദ്രോഹിക്കാൻ പാടങ്ങളിൽ എത്തുന്നുണ്ട്. ഇത്തരത്തിൽ ചുറ്റും തുണി കെട്ടിയാൽ പന്നി, മയിൽ, കൊക്ക് ശല്യം കുറയുമെന്ന് കർഷകർ പറയുന്നു.