'ഉറങ്ങാൻ പോലും പറ്റുന്നില്ല, കുടുംബത്തിന്റെ സഹായം ഇല്ലാതെയാണ് ഇതുവരെ എത്തിയത്'; പൊട്ടിത്തെറിച്ച് ദിയ

Wednesday 06 November 2024 11:37 AM IST

നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമാണ് ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്സുള്ള താരം ആഭരണങ്ങളുടെ ഒരു ഓൺലെെൻ ബിസിനസ് നടത്തുന്നുണ്ട്. ദിയയുടെ ആഭരണങ്ങൾക്ക് ഉപഭോക്താക്കളും കൂടുതലാണ്. എന്നാൽ കഴിഞ്ഞ ദിവസം ദിയയുടെ ഓൺലെെൻ ബിസിനസിനെതിരെ വിവാദം ഉയർന്നിരുന്നു. ഇവിടെ നിന്ന് ആഭരണം ഓർഡർ ചെയ്ത യൂട്യൂബറാണ് പരാതിയുമായി രംഗത്തെത്തിയത്. വാങ്ങിയ ആഭരണം കേട്‌പാട് പറ്റിയതായിരുന്നെന്നും ഓപ്പണിംഗ് വീഡിയോ ഇല്ലെന്ന് പറഞ്ഞ് ആഭരണം മാറ്റി തന്നില്ലെന്നും ഇവർ ആരോപിച്ചു.

'ഉപ്പും മുളകും ലെെറ്റ്' എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാറാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയത്. തുടർന്ന് ഇത് വലിയ രീതിയിൽ ചർച്ചയായി. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ദിയ പ്രതികരിച്ചിരിക്കുന്നത്. ഭർത്താവായ അശ്വിൻ ഗണേശും വീഡിയോയിൽ ഉണ്ട്. ഓപ്പണിംഗ് വീഡിയോ ഇല്ലാത്തതിനാലാണ് ഹെൽപ് ചെയ്യാൻ കഴിയാതെ ഇരുന്നതെന്ന് ദിയ പറയുന്നു.

'ഓപ്പണിംഗ് വീഡിയോ കണ്ടാൽ ആ ബോക്സ് നേരത്തെ തുറന്നുനോക്കിയിട്ടുണ്ടെന്ന് മനസിലാകും. ഈ വിഷയത്തിൽ അവർ നിയമപരമായി നീങ്ങാം. എന്നാൽ ഇപ്പോഴത്തെ വിവാദം മുതലെടുത്ത് എന്നെ ചിലർ അധിക്ഷേപിക്കുന്നുണ്ട്. പരാതി ഉന്നയിച്ച സ്ത്രീ വാശിയുടെ പേരിൽ തനിക്കെതിരെ സംസാരിക്കാൻ ഒരു യൂട്യൂബറോട് ആവശ്യപ്പെട്ടു. അയാൾ എന്നെ കുറിച്ച് മുൻപ് വളരെ മോശമായി സംസാരിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ടെന്ന് എന്റെ ശ്രദ്ധിയിൽപ്പെട്ടു. നേരത്തെയുള്ളവനെ തേച്ചൊട്ടിച്ചുവെന്നാണ് അയാൾ ആ വീഡിയോയിൽ പറയുന്നത്. എന്നെക്കുറിച്ച് അങ്ങനെ പറയാൻ എന്ത് അധികാരമാണ് പുള്ളിക്കുള്ളത്.

അശ്വിനോട് സഹതാപം തോന്നുന്നെന്ന തരത്തിലാണ് അയാൾ സംസാരിച്ചത്. അശ്വിൻ പൊട്ടനായിരിക്കുന്നു. പെെസയുള്ളത് കൊണ്ട് ആൾക്കാരെ മേടിക്കുന്നുവെന്ന് പറയുന്നു. വിദ്യാഭ്യാസമില്ലാത്ത എത്രയോ പേർ ഇത് വിശ്വസിക്കുന്നു. എന്റെ ബിസിനസിനെ കുറ്റപ്പെടുത്തുമ്പോൾ എനിക്ക് വിഷമം വരും. കരഞ്ഞ് പോകുമെന്നതിനാലാണ് ഈ വീഡിയോയിൽ അശ്വിനെയും പിടിച്ചിരുത്തിയത്. എനിക്ക് ബിപി പ്രശ്നങ്ങൾ ഉണ്ട് ഇപ്പോൾ. ഇനി ഇത് സഹിക്കാൻ വയ്യ. ഇത്തരത്തിൽ തെറ്റായി സംസാരിച്ചാൽ നിയമനടപടി സ്വീകരിക്കും.

ഈ ബിസിനസ് കഷ്ടപ്പെട്ടാണുണ്ടാക്കിയത്. കുടുംബത്തിൽ ഒരാൾ പോലും എന്നെ സഹായിച്ചിട്ടില്ല. ഞാൻ സഹായം ചോദിച്ചിട്ടുമില്ല. ഒറ്റയ്ക്കാണ് ഇവിടെ വരെ കൊണ്ടുവന്നത്. ഒരു ദിവസം കൊണ്ട് എന്റെ ബിസിനസിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഞാൻ കെെയും കെട്ടി നോക്കിനിൽക്കില്ല. സത്യം പറഞ്ഞാൽ പൊട്ടിക്കരഞ്ഞാൽ കൊള്ളാമെന്നുണ്ട്. പക്ഷേ എല്ലാവരുടെ മുന്നിൽ കരഞ്ഞാൽ ഞാൻ ദുർബലയാണെന്ന് കരുതും. അത് എനിക്ക് ഇഷ്ടമല്ല. ഓപ്പണിംഗ് വീഡിയോ ചോദിക്കുന്നത് വേറെ വഴിയില്ലാത്തത് കൊണ്ടാണ്. ഇനിയും ഇത്തരം വീഡിയോ വന്നാൽ നിയമപരമായി നീങ്ങും. ഉറങ്ങാൻ പറ്റുന്നില്ല. അതാണ് ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്',- ദിയ വ്യക്തമാക്കി.