'മുഖം വീർത്ത് തടിച്ച് ഒരു ചെെനീസ് ലുക്കായി';  ഒന്നരവയസുള്ളപ്പോഴാണ് ആ അസുഖം തിരിച്ചറിഞ്ഞതെന്ന് ഹൻസിക കൃഷ്ണ

Wednesday 06 November 2024 12:46 PM IST

നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ഹൻസിക കൃഷ്‌ണ. ഡിഗ്രിയ്ക്ക് പഠിക്കുന്ന ഹൻസികയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലും നിരവധി ഫോളോവേഴ്സുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഹൻസിക തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയാണ് ചർച്ചയാകുന്നത്. മാതാപിതാക്കളായ കൃഷ്ണകുമാറും സിന്ധുവും ഹൻസികയുമാണ് വീഡിയോയിൽ ഉള്ളത്.'ഹു നോസ് മീ ബെറ്റർ' എന്ന ഗെയിം ആണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഹൻസിക ചെയ്തത്.

തന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും ജീവിതത്തിലെ ചില പ്രധാന കാര്യങ്ങളും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് അതിനുള്ള ചോദ്യം ഹൻസു തയ്യാറാക്കിയത്. അതിൽ ഒരു ചോദ്യത്തിൽ തനിക്ക് എത്രാമത്തെ വയസിലാണ് അസുഖം ബാധിച്ചെന്ന് ഹൻസു ചോദിക്കുന്നുണ്ട്. ഇതോടെയാണ് ഹൻസുവിന് ചെറുപ്പത്തിൽ അസുഖം ബാധിച്ച കാര്യം മാതാപിതാക്കൾ പറയുന്നത്. ഒന്നര വയസുള്ളപ്പോഴാണ് അസുഖം ബാധിച്ചതെന്നും രണ്ട് മൂന്ന് വർഷം കൊണ്ട് അസുഖം ഭേദമായിയെന്നും അവർ പറയുന്നു.

പിന്നീട് തന്റെ ഫോളോവേഴ്സിനോട് എന്തായിരുന്നു അസുഖമെന്ന് ഹൻസു വ്യക്തമാക്കി. നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖമാണ് ഒന്നരവയസിൽ ഹൻസികയ്ക്ക് ഉള്ളതായി തിരിച്ചറിഞ്ഞത്. വൃക്ക തകരാറിലാകുന്ന അവസ്ഥയാണിത്. പ്രോട്ടീനുകൾ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന വളരെ സങ്കീർണമായ അവസ്ഥയാണിത്. ഈ സമയത്ത് എന്റെ മുഖം വീർത്ത് തടിച്ച് ഒരു ചെെനീസ് ലുക്കിൽ ആയിരുന്നുവെന്നും ഹൻസു പറയുന്നു. തുടർന്ന് അന്ന് ഹൻസുവിനെ ചികിത്സിച്ച ഡോക്ടർമാരോടും ആശുപത്രിയിലെ അധികൃതരോടും എല്ലാം സിന്ധു നന്ദി പറയുന്നുണ്ട്.