'പണം കടത്തിയത് നീല ട്രോളി ബാഗിൽ'; പാതിരാ റെയ്ഡ് നടന്ന ഹോട്ടലിലെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു

Wednesday 06 November 2024 4:26 PM IST

പാലക്കാട്: ഇന്നലെ പാതിരാത്രിയിൽ പൊലീസിന്റെ വിവാദ റെയ്ഡ് നടന്ന കെപിഎം ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തു. ടൗൺ സൗത്ത് സിഐ ആദംഖാന്റെ നേതൃത്വത്തിൽ എത്തിയ സൈബർ വിദഗ്ദ്ധർ അടങ്ങിയ സംഘമാണ് ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത്. ഇന്ന് ഉച്ചതിരിഞ്ഞാണ് ഹോട്ടലിൽ വീണ്ടും പൊലീസ് സംഘം എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലിലെ സിഇഒയുടെയും ജീവനക്കാരുടെയും മൊഴിയെടുത്തിട്ടുണ്ട്.

താമസക്കാരുടെ വിവരങ്ങളും ഇവരിൽ നിന്ന് തേടിയിട്ടുണ്ട്. എല്ലാ ദൃശ്യങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഏതെങ്കിലും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കും.വനിതാ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അടക്കം ഇന്നലെ രാത്രി പരിശോധന നടന്നത് ഏറെ വിവാദമായിരുന്നു.പരിശോധന വൻ സംഘർഷത്തിലേക്ക് നീങ്ങി. പാതിരാത്രിയിൽ നാലുമണിക്കൂറോളമാണ് സംഘർഷാവസ്ഥ നിലനിന്നത്. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോൺഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു.

പരസ്പരം ഏറ്റുമുട്ടിയ പ്രവർത്തകരെ പൊലീസ് ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. റെയ്ഡിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായിരുന്നു.

സിപിഎം പരാതി നൽകി

കള്ളപ്പണം എത്തിയെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിപിഎം പരാതി നൽകി. എസ്‌പിക്കാണ് പരാതി നൽകിയത്. രാഹുലും ഷാഫിയും രാത്രി പത്തേമുക്കാൽ മുതൽ ഹോട്ടലിൽ ഉണ്ടായിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളിബാഗിൽ പണം എത്തിച്ചതെന്നും പരാതിയിൽ പറയുന്നു.