ട്രംപ് ഭരണത്തിൽ പോരാട്ടം കടുക്കുമോ? പുതിയ പ്രസിഡന്റിനെ അമേരിക്ക തിരഞ്ഞെടുത്തതിന് പിന്നാലെ ഇറാനുമുന്നിലെ പ്രതിസന്ധി
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ്, വരാൻ പോകുന്നത് രാജ്യത്തിന്റെ സുവർണ കാലമായിരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിന്റെ വിദേശ നയങ്ങളിൽ ഏറ്റവും ശ്രദ്ധ നേടാൻ പോകുന്നത് ഇറാനോടുള്ള സമീപനമായിരിക്കും. ട്രംപിന്റെ വിജയവാർത്ത വന്നതിന് പിന്നാലെ ചരിത്രത്തിൽ ഇന്നോളമില്ലാത്ത ഇടിവാണ് ഇറാനിയൻ റിയാലിന് ഉണ്ടായത്. ഒരു റിയാൽ എന്നത് 0.000024 ഡോളറായാണ് വിലയിടിഞ്ഞത്. ട്രംപ് ഭരണത്തിൽ അന്താരാഷ്‌ട്ര തലത്തിൽ തങ്ങൾക്ക് ഇപ്പോൾ പ്രതികൂലമായ കാര്യങ്ങൾ ഇനിമുതൽ കൂടുതൽ പ്രശ്‌നത്തിലാകുമെന്നാണ് 22കാരനായ ഇറാനിയൻ വിദ്യാർത്ഥി അമിർ ആശങ്കപ്പെടുന്നത്.
പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇറാനിലെ ജനങ്ങളിൽ ട്രംപിന്റെ ജയം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. യുദ്ധം കടുക്കുമോ എന്നും സാമ്പത്തിക ഉപരോധങ്ങളും നിയന്ത്രണങ്ങളും വർദ്ധിക്കുമോ എന്നതുമാണ് ചിലർ ഭയക്കുന്നത്. മറ്റുചിലർ ഇതുവഴി ഇറാനിൽ രാഷ്‌ട്രീയ മാറ്റം ഉണ്ടാകുമെന്നും നിലവിലെ യാഥാസ്ഥിതിക ഭരണകൂടം മാറുമെന്നുമെല്ലാം പ്രത്യാശ പ്രകടിപ്പിക്കുന്നു.
2017-2021 സമയത്ത് ട്രംപ് ഇറാനുമേൽ കടുത്ത സാമ്പത്തിക ഉപരോധം ചെലുത്തിയിരുന്നു. 2015ൽ ഇറാന്റെ ആണവ കരാറുണ്ടായിരുന്ന സമയം ഒരു ഡോളറിന് ഇറാനിയൻ റിയാലിന്റെ വില 32,000 ആയിരുന്നു. 2018ൽ ട്രംപ് ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറിയതോടെ അമേരിക്കയുമായി ഇറാന്റെ തർക്കം മൂർച്ഛിച്ചു. ആര് ജയിച്ചാലും ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണം എന്നതാണ് പല സാധാരണക്കാരുടെയും നിലപാട്.
നാട്ടിൽ ജനാധിപത്യം വരാനും മതഭരണം ഇല്ലാതാകാനും ട്രംപിന്റെ ജയം സഹായിക്കുമെന്ന് ചില യുവാക്കളും അഭിപ്രായപ്പെടുന്നു. അതേസമയം തങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രാധാന്യമുള്ള കാര്യമല്ലെന്നാണ് ഇറാനിലെ രാഷ്‌ട്രീയ നേതൃത്വം പുറമേ പറയുന്നത്. ഇസ്രയേലിനെ തങ്ങൾ ആക്രമിക്കുന്നത് ആദ്യംതന്നെ തടയാൻ ഇസ്രയേലുമായി ചേർന്ന് അമേരിക്ക ആക്രമണം നടത്താനുള്ള സാദ്ധ്യത ഇറാനിയൻ സേനയായ ദി റെവല്യൂഷനറി ഗാർഡിന്റെ ഉപമേധാവി അലി ഫദാവി കണക്കുകൂട്ടുന്നുണ്ട്.
അമേരിക്ക 2018ൽ ഉപരോധം ഏർപ്പെടുത്തിയതുപോലെ വീണ്ടും ഉപരോധം വന്നാൽ ഇറാന്റെ എണ്ണ കയറ്റുമതിയെ അത് ബാധിക്കും. ഇതോടെ സർക്കാരിന് വരുമാനം കുറയും. ഇതോടെ നികുതി വർദ്ധിപ്പിക്കുന്നതടക്കം കടുത്ത നടപടികൾ ജനങ്ങൾക്ക് മേൽ സ്വീകരിക്കേണ്ടി വരും ഇത് ഇറാൻ സർക്കാരിന് തലവേദനയാണ്. ഇറാൻ, ഇസ്രയേലിന് നേരെ ഒക്‌ടോബർ ഒന്നിന് മിസൈൽ ആക്രമണം നടത്തിയപ്പോൾ ട്രംപ് ഇസ്രയേലിനോട് അഭിപ്രായപ്പെട്ടത് ആദ്യം ഇറാനിലെ ആണവശക്തി തകർക്കൂ ബാക്കി പിന്നെ നോക്കാം. എന്നാണ് ആ തീരുമാനം നടപ്പാകുമോ എന്നതാണ് വരുംകാലങ്ങളിൽ കാണേണ്ടത്.