ഉപയോഗിക്കാനാകാത്തവ ഇരുമുടിക്കെട്ടിൽ പാടില്ല, തന്ത്രിയുടെ നിർദ്ദേശം, പാലിക്കണമെന്ന് ദേവസ്വം ബോ‌ർഡ്

Thursday 07 November 2024 4:47 AM IST

പത്തനംതിട്ട: ശബരിമലയിൽ ഉപയോഗിക്കാൻ കഴിയാത്ത യാതൊന്നും ഇരുമുടിക്കെട്ടിൽ കൊണ്ടുവരരുതെന്ന് തന്ത്രി കണ്ഠരര് രാജീവരര് നിർദ്ദേശിച്ചു. ഉണക്കലരി, നെയ് ത്തേങ്ങ, കൽക്കണ്ടം, വെറ്റില, പാക്ക്, നാണയം (കാണിപ്പൊന്ന്), ശർക്കര എന്നിവ മാത്രമാണ് ഇരുമുടിക്കെട്ടിൽ നിറയ്ക്കേണ്ടത്. ശബരിമലയിൽ അരി സമർപ്പിച്ചശേഷം വെള്ള നിവേദ്യം വാങ്ങണം. അവലും മലരും നിറയ്ക്കുന്നവർ അത് നേദിച്ച് വീടുകളിലേക്ക് തിരികെ കൊണ്ടുപോയി പ്രസാദമായി നൽകണം. അതിന് കഴിയാത്തവർ ഇവ കെട്ടിൽ നിറയ്ക്കരുത്.

പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിൽ നിറയ്ക്കുന്ന കർപ്പൂരം, ചന്ദനത്തിരി, പനിനീര്, കുരുമുളക്, മഞ്ഞൾപ്പൊടി, കുങ്കുമം, കളഭക്കട്ട എന്നിവ ഭക്തർ ശബരിമലയിൽ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. ഇത് കുന്നുകൂടി ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കുന്നതിനു പുറമേ പ്രകൃതിക്കും വന്യജീവകൾക്കും ഭീഷണിയാണ്. ഇത് ഒഴിവാക്കണം. പണ്ട് ശബരിമലയിലേക്ക് ഭക്തർ നടന്നാണ് എത്തിയിരുന്നത്. അന്ന് ഇടത്താവളങ്ങളിൽ ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള സാധനങ്ങളാണ് ഇരുമുടിയുടെ പിൻകെട്ടിൽ നിറച്ചിരുന്നത്. ഇപ്പോൾ അത്തരം ആവശ്യം ഇല്ലാത്തതിനാൽ അരിമാത്രം പിൻകെട്ടിൽ നിറച്ചാൽ മതിയാകും. ദേവസ്വം ബോർഡിനെ രേഖാമൂലം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'തന്ത്രിയുടെ നിർദ്ദേശം ദേവസ്വം ബോർഡ് സ്വീകരിച്ചു. തന്ത്രി നിർദ്ദേശിച്ച സാധനങ്ങൾ മാത്രമേ ഇരുമുടിക്കെട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ വച്ച് നിറയ്ക്കാവു എന്ന് സർക്കുലർ നൽകും. നിർദ്ദേശം പാലിക്കണമെന്ന് മറ്റ് ക്ഷേത്രങ്ങളോടും ഗുരുസ്വാമിമാരോടും അഭ്യർത്ഥിക്കും "

അഡ്വ.എ.അജികുമാർ (ദേവസ്വംബോർഡ് അംഗം)