'രക്ഷാദൂത് ' എത്താതെ 'തപാൽ'പെട്ടികൾ
അഭയം തേടിയത്
ആകെ 6 പേർ
കോഴിക്കോട്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ വനിത-ശിശു വികസന വകുപ്പ് കൊട്ടിഘോഷിച്ചാരംഭിച്ച 'രക്ഷാദൂത് ' പദ്ധതിയ്ക്ക് മങ്ങൽ. ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് തപാൽ വകുപ്പിന്റെ സഹായത്തോടെ പരാതി പറയാനും പരിഹാരം തേടാനുമുള്ള എളുപ്പവഴിയായി 2021ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ അഭയം തേടിയത് വെറും 6 പേർ മാത്രം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി വേണ്ടവിധം പ്രയോജനപ്പെടുത്താതെ പോകുന്നത്.
തപാൽ കോഡ് പറഞ്ഞാൽ പരിഹാരം
വനിത-ശിശു വികസന വകുപ്പ് തപാൽ വകുപ്പുമായി ചേർന്നാണു രക്ഷാദൂത് നടപ്പാക്കുന്നത്. അതിക്രമം നേരിടുന്ന സ്ത്രീകൾക്കോ കുട്ടികൾക്കോ അവരുടെ പ്രതിനിധിക്കോ പോസ്റ്റ് ഓഫീസിലെത്തി പേരു വിവരങ്ങൾ വെളിപ്പെടുത്താതെ പരാതി നൽകാം. ഇതിനായി പോസ്റ്റോഫീസിലെത്തി ‘തപാൽ’ കോഡ് പറഞ്ഞാൽ മതി. പോസ്റ്റ് മാസ്റ്ററുടെ സഹായത്തോടെ മേൽവിലാസമെഴുതി പിൻകോഡ് സഹിതമുള്ള പേപ്പർ കവറിലാക്കി ലെറ്റർ ബോക്സിൽ നിക്ഷേപിക്കാം. പോസ്റ്റ്ഓഫീസ് അധികൃതരുടെ സഹായമില്ലാതെയും ചെയ്യാം. കവറിന് പുറത്ത് 'തപാൽ ' എന്ന് എഴുതിയാൽ മതി, സ്റ്റാമ്പ് ഒട്ടിക്കേണ്ട. പോസ്റ്റ്മാസ്റ്റർ ഇത് വനിതാ ശിശുവികസന വകുപ്പിന് ഇ- മെയിൽ വഴി കെെമാറും. അതുവഴി അതത് ജില്ലകളിലെ വനിതാ സംരക്ഷണ ഓഫീസർമാരും കുട്ടികളുടെ പരാതികൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരും അന്വേഷിക്കും. പൊലീസിന്റെ സഹായവും ലഭിക്കും. നിയമ സഹായത്തിനു വേണ്ട നടപടിയും ഉണ്ടാകും. മേൽവിലാസം മാത്രം രേഖപ്പെടുത്തുന്നതുകൊണ്ട് പരാതിയുടെ രഹസ്യസ്വഭാവം പുറത്തറിയില്ല.
വനിതകൾക്കെതിരായ അതിക്രമം ( പൊലീസിൽ മാത്രം)
ആകെ കേസുകൾ- 870
ഗാർഹിക പീഡനം -314
പെൺകുട്ടികളെ ശല്യം ചെയ്യൽ- 25
മാനസിക പീഡനം- 164
ലൈംഗിക പീഡനം- 98
മറ്റുള്ളവ- 260