ഫോഴ്സ കൊച്ചി ഫൈനലിൽ

Wednesday 06 November 2024 11:15 PM IST

സെമിയിൽ കണ്ണൂർ വാരിയേഴ്സിനെ 2-0ത്തിന് തകർത്തു

കോഴിക്കോട് : ബ്രസീലിയൻ താരം ഡോറിൽ ടൺ ഗോമസിന്റെ ഇരട്ടഗോളിൽ കണ്ണൂർ വാരിയേഴ്‌സിനെ തകർത്ത് ഫോഴ്‌സ കൊച്ചി സൂപ്പർലീഗ് കേരള ഫുട്ബാളിന്റെ ഫൈനലിൽ. 10ന് കൊച്ചിയിൽ നടക്കുന്ന ഫൈനലിൽ ഫോഴ്സ കാലിക്കറ്റ് എഫ്.സിയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ചാണ് കാലിക്കറ്റ് ഫൈനലിലെത്തിയത്.

ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ ഇരുടീമുകളും ആവേശത്തോടെ കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളടിക്കാനായില്ല. 72 ാം മിനിട്ടിൽ ബസന്താ സിംഗിന്റെ പാസിൽ മനോഹരമായ ബൈസിക്കിൾ കിക്കിലൂടെയാണ് ഡോറിൽടൺ ഗോൾ നേടിയത്. കണ്ണൂരിന് ശ്വാസം വിടാനാകും മുമ്പേ ഡോറിൽടണിന്റെ കാലിൽ നിന്നും രണ്ടാം ഗോളും പിറന്നു. ക്യാപ്ടൻ സയ്യിദ് മുഹമ്മദ് നിദാന്റെ കുറുകിയ പാസിൽ നിന്നായിരുന്നു ആ ഗോൾ പിറവി.ഡോറിൽടൺ ലീഗിൽ ഏഴുഗോളുകളുമായി ടോപ് സ്കോറർ സ്ഥാനത്ത് തുടരുകയാണ്.