പൊരുതുന്ന അമ്മയ്ക്ക് പോൾ കൊണ്ടൊരു പൊന്നുമ്മ

Friday 08 November 2024 4:27 AM IST

കൊച്ചി: ജീവിത ദുഃഖങ്ങളോടും കാൻസർ രോഗത്തോടും ഒരേ സമയം പൊരുതുന്ന അമ്മയ്ക്ക് സ്വർണ നേട്ടം സമ്മാനിച്ച് മിലൻ സാബു.ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിലാണ് മിലൻ സാബു സ്വർണത്തിൽ മുത്തമിട്ടത്. നാല് മീറ്റർ ഉയരമാണ് മിലൻ ചാടിക്കടന്നത്.

പാലാ സെന്റ്‌തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ് മിലൻ സാബു.ഏറ്റുമാനൂർ വെട്ടിമുകൾ കൊല്ലംപറമ്പിൽ സാബു-ഷീജ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് മിലൻ.സാബു 11 വർഷം മുമ്പ് ഒരു അപകടത്തിൽ മരണപ്പെട്ടു.പിന്നീട് അമ്മ ഷീജയായിരുന്നു മിലനും സഹോദരി മെൽബയ്ക്കും സഹോദരൻ മെൽബിനും എല്ലാറ്റിനും കൂട്ട്.ഏഴ് മാസം മുൻപാണ് പുറം വേദനയുടെ രൂപത്തിൽ ഷീജയിൽ കാൻസറെത്തിയത്.ഇപ്പോൾ ചികിത്സയിലാണ്.മുടിയൊക്കെ കൊഴിഞ്ഞ് അവശതയിലാണെങ്കിലും മകന്റെ പ്രകടനം കാണാൻ ഷീജ ഗ്രൗണ്ടിലെത്തിയിരുന്നു.സാമ്പത്തിക ബുദ്ധിമുട്ടുള്ളത് കൊണ്ട് ഷീജ ഇപ്പോൾ ഒരു വീട്ടിൽ ജോലിക്ക് പോകാനുള്ള തയ്യാറാെടുപ്പിലാണ്. മുൻ പവർ ലിഫിറ്റിംഗ് -വെയിറ്റ് ലിഫിറ്റിംഗ് താരമാണ് ഷീജ. ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

മിലന്റെ സഹോദരി മെൽബ മേരി സാബുവും പോൾവാൾട്ടറാണ്.കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട് മെൽബ.എന്നാൽ ഇപ്പോൾ തന്റെ ജീവനായ പോൾവാൾട്ടും സ്പോർട്സുമെല്ലാം മെൽബ ഉപേക്ഷിച്ചു.

അച്ഛന്റെ മരണത്തിന്റെ ഭാഗമായി കിട്ടിയ ഇൻഷുറൻസ് തുക കൊണ്ട് വിദേശത്ത് പഠനത്തോടൊപ്പം ജോലി ചെയ്യാൻ പോകുകയാണ് മെൽബ.അമ്മയുടെ ശാരീരിക അവസ്ഥയും വീട്ടിലെ ബുദ്ധിമൂട്ടും കണക്കിലെടുത്താണ് തന്റെ എല്ലാമായ പോൾവാൾട്ട് ഉപേക്ഷിച്ച് വിദേശത്ത് പോകുന്നതെന്ന് മെൽബ നിറകണ്ണുകളോട് പറഞ്ഞു.പാലാ ജംപ്സ് അക്കാദമിയിൽ കോച്ച് സതീഷിന്റെ കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.

പോൾ വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ മന്ത്രി വി.എൻ വാസവൻ സഹായിച്ച് 1.10 ലക്ഷം രൂപയുടെ പോൾ മിലന് ലഭിച്ചിരുന്നു.