സ്വന്തമല്ലാത്ത വീട്ടിലേക്ക് സ്വർണ മെഡലുമായി ഗീതു
കൊച്ചി:കെ. പി.ഗീതു എന്ന സ്‌കൂൾ കായികതാരത്തിന് സ്വന്തം വീടില്ല. താമസിക്കുന്ന തറവാട് വീടിന് വേറെയും അവകാശികളുണ്ട്. ഒറ്റ മഴയിൽ ഈ വീടും വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയും വെള്ളത്തിലാവും. അയൽ വീട്ടിലൂടെ വേണം പോകാൻ. ഈ വീട്ടിലേക്കാണ് ഗീതു സ്വർണ മെഡലുകൾ കൊണ്ടുവരുന്നത്.
സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 3 കി.മീ നടത്തത്തിൽ സ്വർണം ഗീതുവിനാണ്. കഴിഞ്ഞ് രണ്ട് വർഷവും ഈ ഇനത്തിൽ സ്വർണം നേടി. സംസ്ഥാന ജൂനിയർ മീറ്റിൽ സ്വർണവും, സൗത്ത് സോൺ മീറ്റിൽ വെങ്കലവും നേടിയിട്ടുണ്ട്. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ഗീതു.
വർഷങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലാണ് പിതാവ് ചന്ദ്രൻ. ഓട്ടോ ഡ്രൈവറായിരുന്നു. ശസ്ത്രക്രിയയ്‌ക്ക് പണം ഇല്ല. ധനസമാഹരണത്തിന് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുടുംബശ്രീ ഹോട്ടൽ ജീവനക്കാരിയായ അമ്മ രജനിയുടെ വരുമാനമാണ് ഏക ആശ്രയം. ഗീതുവിന് ഷൂ വാങ്ങാനുള്ള പണം പോലും നാട്ടുകാരും സ്കൂളും ചേർന്നാണ് നൽകിയത്. സഹോദരി മെഡിക്കൽ കോഡിംഗ് വിദ്യാർത്ഥിനിയാണ്.
തിരൂർ ബിപി അങ്ങാടിയിൽ കായിക അദ്ധ്യാപക സംഘടന വീട് വാഗ്ദാനം ചെയ്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ലൈഫ് വീടും ലഭിക്കാത്ത സ്ഥിതിയാണ്. സ്വന്തമായൊരു വീടിന് അമ്മ രജനി ഓഫീസുകൾ കയറിയിറങ്ങുന്നു. മിക്കപ്പോഴും കൂട്ടിന് ഗീതുവും ഉണ്ടാവും.സ്വന്തം വീട്ടിലെ ഷോകെയ്‌സിൽ മെഡലുകൾ വയ്ക്കണം. ഗീതുവിന്റെ ആ മോഹം നീണ്ടുനീണ്ടു പോകുന്നു....
ആലത്തിയൂർ സ്കൂളിലെ എം.ഷാജിറും പി.റിയാസുമാണ് പരിശീലകർ.