ഓസ്‌ട്രേലിയയെ വീഴ്ത്തി പാകിസ്ഥാന്‍, അഡലെയ്ഡ് ഓവലില്‍ തകര്‍പ്പന്‍ ജയം

Friday 08 November 2024 7:11 PM IST

അഡലെയ്ഡ്: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ലോകചാമ്പ്യന്‍മാരെ 35 ഓവറുകളില്‍ വെറും 163 റണ്‍സിന് എറിഞ്ഞിട്ട പാകിസ്ഥാന്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നേരത്തെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിന്റെ പ്രകടനമാണ് ഓസീസിനെ ചെറിയ സ്‌കോറില്‍ പുറത്താക്കിയത്. ഹാരിസ് റൗസ് തന്നെയാണ് കളിയിലെ കേമന്‍.

സ്‌കോര്‍: ഓസ്‌ട്രേലിയ 165-10(35) | പാകിസ്ഥാന്‍ 169-1 (26.3)

166 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ സഖ്യം ഒന്നാം വിക്കറ്റില്‍ 137 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സയീം അയൂബ് 82(71) റണ്‍സ് നേടി പുറത്തായപ്പോള്‍ അബ്ദുള്ള ഷഫീഖ് 64*(69), ബാബര്‍ അസം 15*(20) എന്നിവര്‍ പുറത്താകാതെ നിന്നു. അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സയീം അയൂബിന്റെ ഇന്നിംഗ്‌സ്. അബ്ദുള്ള ഷഫീഖ് നാല് ഫോറും മൂന്ന് സിക്‌സറുകളും പായിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ഭേദപ്പെട്ട തുടക്കത്തിന് ശേഷമാണ് പാകിസ്ഥാന്‍ എറിഞ്ഞൊതുക്കിയത്. മാത്യു ഷോര്‍ട്ട് 19(15), ജെയ്ക് ഫ്രേസര്‍ മക്ഗര്‍ക്ക് 13(10) എന്നിങ്ങനെയായിരുന്നു ഓപ്പണര്‍മാരുടെ സംഭാവന. 35 റണ്‍സെടുത്ത മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ആണ് ടോപ് സ്‌കോറര്‍. ഹാരിസ് റൗഫ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദിക്ക് മൂന്ന് വിക്കറ്റുകള്‍ ലഭിച്ചു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് വിജയിച്ചത്. ഞായറാഴ്ച പെര്‍ത്തില്‍ നടക്കുന്ന അവസാന ഏകദിനത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും.