എസ്.ബി.ഐ അറ്റാദായത്തിൽ വൻ കുതിപ്പ്

Saturday 09 November 2024 12:24 AM IST

കൊച്ചി: ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) അറ്റാദായം 28 ശതമാനം വർദ്ധനയോടെ 18,331 കോടി രൂപയിലെത്തി. വിപണി പ്രതീക്ഷിച്ചതിലും മികച്ച വളർച്ചയാണ് ലാഭത്തിലുണ്ടായത്. ഇക്കാലയളവിൽ അറ്റ പലിശ വരുമാനം അഞ്ച് ശതമാനം ഉയർന്ന് 41,620 കോടി രൂപയിലെത്തി. വിവിധ പ്രൊവിഷനുകൾക്ക് തുക മാറ്റിവെക്കുന്നതിന് മുൻപുള്ള പ്രവർത്തന ലാഭം മുൻവർഷം ഇതേകാലയളവിലെ 19,417 കോടി രൂപയിൽ നിന്ന് 51 ശതമാനം വളർച്ചയോടെ 29,294 കോടി രൂപയായി.

അതേസമയം അറ്റ പലിശ മാർജിൻ 0.16 ശതമാനം കുറഞ്ഞ് 3.27 ശതമാനമായി.

മൊത്തം വായ്‌പ 15 ശതമാനം ഉയർന്ന് 39.2 ലക്ഷം കോടി രൂപയായി. അതേസമയം നിക്ഷേപ സമാഹരണത്തിൽ കാര്യമായ വളർച്ച നേടാനായില്ല. ഇക്കാലയളവിൽ നിക്ഷേപങ്ങൾ ഒൻപത് ശതമാനം വളർച്ചയോടെ 51.17 ലക്ഷം കോടി രൂപയിലെത്തി.

മൊത്തം നിഷ്ക്രിയ ആസ്തി ഇക്കാലയളവിൽ 2.21 ശതമാനത്തിൽ നിന്ന് 2.13 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.