പ്രോസിക്യൂഷൻ വാദം ദുർബലം; ദിവ്യയ്ക്ക് ജാമ്യം, പുറത്തിറങ്ങുന്നത് 11 ദിവസത്തെ ജയിൽ വാസത്തിനുശേഷം
കണ്ണൂർ: നാടൊന്നാകെ നൊമ്പരപ്പെട്ട നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാൻഡിലായിരുന്ന പി.പി. ദിവ്യയ്ക്ക് ജാമ്യം. പ്രതി പുറത്തിറങ്ങിയാൽ കേസിനെ സ്വാധീനിക്കുമെന്നോ വീണ്ടും കസ്റ്റഡിയിൽ വേണമെന്നോ സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ല.
ഇത് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 11 ദിവസത്തെ ജയിൽ വാസത്തിനുശേഷമാണ് ദിവ്യ പുറത്തിറങ്ങിയത്. മനുഷ്യാവകാശമായി കണ്ട് കുടുംബനാഥയെന്ന പരിഗണന നൽകുന്നെന്ന് ജഡ്ജി കെ. ടി. നിസാർ അഹമ്മദിന്റെ ഉത്തരവിൽ പറയുന്നു. ദിവ്യയുടെ പിതാവ് ഹൃദ്രോഗിയാണ്. മകൾ പത്താംക്ലാസ് വിദ്യാർത്ഥി ആണെന്നതും പരിഗണിച്ചു.
അതേസമയം ആത്മഹത്യാപ്രേരണക്കുറ്റം നിലനില്ക്കും. ക്ഷണിക്കാത്ത വേദിയിൽ പ്രാദേശിക ചാനലിനെ കൂട്ടിപ്പോയി എ.ഡി.എമ്മിന്റെ ആത്മാഭിമാനത്തെ തകർക്കുന്ന രീതിയിൽ ദിവ്യ പ്രവർത്തിച്ചു. പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ല.
ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാൻ പ്രതിക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് കോടതി പറഞ്ഞു.
പൊതുപ്രവർത്തകയായ പ്രതി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ല. അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷനും നവീൻബാബുവിന്റെ കുടുംബവും വാദിച്ചിരുന്നു. അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. ഇത് കോടതി മുഖവിലയ്ക്കെടുത്തു. നവീൻ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് ജാമ്യാപേക്ഷയിൽ പരിഗണിക്കേണ്ടതില്ല. അത് അന്വേഷണത്തിലാണ് കണ്ടെത്തേണ്ടത്.
കൈക്കൂലി കൈപ്പറ്റിയെന്ന് ആവർത്തിക്കുകയായിരുന്നു ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ. ടി.വി. പ്രശാന്തും നവീനും ഫോണിൽ സംസാരിച്ചെന്നും ഇരുവരും കണ്ടുമുട്ടിയതിന് സി.സി ടി.വി ദൃശ്യങ്ങൾ ഉണ്ടെന്നും വാദിച്ചു. 33 പേജുള്ള വിധിന്യായമാണ് പുറപ്പെടുവിച്ചത്.
ഉപാധികൾ
ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം. കണ്ണൂർ ജില്ല വിട്ട് പോകരുത്
തിങ്കളാഴ്ചകളിൽ 10നും 11 നും ഇടയിൽ അന്വേഷണ സംഘത്തിന് മുമ്പിലെത്തണം
പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല
സ്വീകരിക്കാൻ
നേതാക്കൾ
വൈകിട്ട് നാലിനാണ് കെ.വിശ്വൻ ജാമ്യവിധി ജയിലിലെത്തിച്ചത്. അഞ്ചു മണിയോടെ ദിവ്യ പുറത്തുവന്നു. അഭിഭാഷകർക്കൊപ്പമാണ് ഇരിണാവിലെ വീട്ടിലേക്ക് പോയത്. കല്യാശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജർ, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിജു തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ എൻ. സുകന്യ, പി.കെ. ശ്യാമള , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പി.വി. ഗോപിനാഥ് എന്നിവർ ജയിലിൽ സന്ദർശിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സി.പി. എം പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തി.
നവീൻ ബാബുവിന്റെ മരണത്തിൽ വലിയ ദുഃഖമുണ്ട്. സദുദ്ദേശ്യപരമായിട്ടേ ഉദ്യോഗസ്ഥരോട് സംസാരിക്കാറുള്ളൂ. കൃത്യമായ അന്വേഷണം നടക്കണമെന്നു തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. നിരപരാധിത്വം തെളിയിക്കും.
- പി.പി. ദിവ്യ മാദ്ധ്യമങ്ങളോട് പറഞ്ഞത്
ദിവ്യയ്ക്ക് ജാമ്യം കിട്ടിയതിൽ നിരാശയുണ്ട്. പക്ഷേ, പ്രതീക്ഷ അവസാനിച്ചിട്ടില്ല. അഭിഭാഷകനുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. നീതി ലഭിക്കാൻ കേസിൽ ഏതറ്റംവരെയും മുന്നോട്ട് പോകും.
- നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും മക്കളും