ട്രോളി വിവാദം: സി.പി.എമ്മിൽ ഭിന്നത; കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി
പാലക്കാട്: ഉപതിരഞ്ഞെടുപ്പിനായി കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ സി.പി.എം നേതൃത്വം രണ്ടുതട്ടിൽ. പെട്ടിയല്ല വികസനമാണ് പാലക്കാട്ട് ചർച്ച ചെയ്യേണ്ടതെന്ന സി.പി.എം സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസിന്റെ അഭിപ്രായം തള്ളി ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണവുമായി വന്ന പെട്ടിയുടെ കാര്യം ചർച്ച ചെയ്യാമെന്നത് പാർട്ടിയുടെ അഭിപ്രായമാണെന്നും അത് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ സുരേഷ് ബാബു പറഞ്ഞു.
യു.ഡി.എഫിന് എതിരായി വരുന്ന എല്ലാ കാര്യവും ചർച്ച ചെയ്യണമെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. കൈതോല പായയും ഈന്തപ്പഴത്തിന്റെ കുരുവും ചർച്ച ചെയ്‌തെങ്കിൽ ഇത് ചർച്ച ചെയ്യേണ്ടേ? എല്ലാ ജനകീയ പ്രശ്നങ്ങളും ചർച്ചചെയ്യുന്നുണ്ട്. എന്ത് വികസന കാര്യമാണ് ചർച്ച ചെയ്യാത്തത്? കള്ളപ്പണം വന്നിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കുമ്പോൾ എല്ലാ കാര്യങ്ങളും പുറത്ത് വരും. ഷാഫി പറമ്പിലിന്റെ കാറിൽ കയറിയെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ആദ്യം പറഞ്ഞത്. കാറിൽ ഷാഫി ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കണം. 10 മീറ്റർ ദൂരം പോകാൻ ഒരു കാർ. 700 മീറ്റർ ദൂരം പോയപ്പോൾ മറ്റൊരു കാറിൽ കയറുന്നു. സിനിമയിൽ അധോലോക സംഘം ചെയ്യുന്നത് പോലെയായിരുന്നു ഇതെല്ലാം. താൻ നൽകിയ പരാതിയിൽ പൊലീസ് മൊഴിയെടുക്കാൻ വിളിക്കുമെന്നാണ് കരുതുന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
` കൊടകരയിലെ കുഴൽപ്പണത്തിൽനിന്നുള്ള നാലുകോടി രൂപ ഷാഫിക്ക് കിട്ടിയത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ എത്തിയിട്ടുണ്ട്. അത് സമഗ്രമായി പൊലീസ് അന്വേഷിച്ച് പുറത്തുകൊണ്ടുവരണം'.- സുരേഷ് ബാബു പറഞ്ഞു.
# പെട്ടിയല്ല വികസനമാണ്
ചർച്ചയാക്കേണ്ടത്
മഞ്ഞപ്പെട്ടിയും ചുവപ്പ് പെട്ടിയുമൊന്നുമല്ല പാലക്കാട്ടെ പ്രശ്നമെന്നും വികസനമാണ് ചർച്ചയാക്കേണ്ടതെന്നും സി.പി.എം സംസ്ഥാന സമിതി അംഗം എൻ.എൻ കൃഷ്ണദാസ് പ്രതികരിച്ചു. കള്ളപ്പണമുണ്ടെങ്കിൽ അത് കണ്ടുപിടിക്കാൻ ശക്തിയുള്ളവരാണ് കേരള പൊലീസ്. പരാതി കൊടുത്തിട്ടുമുണ്ട്. അതിന് പിന്നാലെ പോവാനില്ല. സംസ്ഥാനത്തെ ഏറ്റവും വികസനമുരടിപ്പുള്ള മണ്ഡലമാണ് പാലക്കാടെന്നും അവിടെ വികസനം ചർച്ചയാകണമെന്നും കൃഷ്ണദാസ് പറഞ്ഞു.
അങ്ങനെയല്ലല്ലോ ജില്ലാ സെക്രട്ടറിയുടേയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേയും നിലപാടെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് അവരോട് പോയി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളും പാർട്ടിയും സ്വീകരിച്ച നിലപാടിനെ സമ്പൂർണമായി തള്ളുകയായിരുന്നു എൻ.എൻ.കൃഷ്ണദാസ്.