മധുരമൂറും തേൻവരിക്ക തൈകൾ വേണോ? വേഗം വാ.... അഞ്ചൽ ഫെസ്റ്റിലേക്ക്
അഞ്ചൽ: ഫെസ്റ്റ് നഗരിയിലെത്തുന്നവരെ ഏറ്റവുമധികം ആകർഷിക്കുന്നത് കിളികൊല്ലൂർ മൂന്നാംകുറ്റി കുമാർ നഴ്സറിയുടെ ഫലവൃക്ഷത്തൈകളുടെ സ്റ്റാളാണ്. നാടൻ മുതൽ വിദേശ ഇനംവരെയുള്ള അപൂർവ വൃക്ഷത്തൈകളുടെ മികച്ച ശേഖരമാണ് ഈ സ്റ്റാളിന്റെ പ്രത്യേകത. വിവിധയിനം വരിക്കപ്ലാവിൻ തൈകളാണ് പ്രധാന ആകർഷണം. സദാനന്ദപുരം ചുവന്ന വരിക്ക, ആയൂർ വരിക്ക, തേനൂറും ഹണി പ്ളാവിൻ തൈകൾ തുടങ്ങിയവ ഇതിൽ ചിലതുമാത്രം.
വർഷത്തിൽ പലതവണ കായ്ക്കുന്ന കുള്ളൻ കുടംപുളി, ഓഫ് സീസൺ കുടംപുളി, കൊച്ചുകുളമ്പ്, കർപ്പൂരമാവ്, മൂവാണ്ടൻമാവ് കിളിച്ചുണ്ടൻ, മല്ലിക, കോശ്ശേരി മാവ് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. നാടൻ തൈകൾക്കൊപ്പം വിദേശികളും മേളയ്ക്ക് മികവേകുന്നുണ്ട്. തായ്ലന്റ് മാവ്, ബർമീസ് ചെറി, റംബൂട്ടാൻ, മാംഗോസ്റ്റിൻ, അവകാഡോ, റെഡ് ഡ്രാഗൻ ഫ്രൂട്ട്, ട്രോപ്പിക്കൽ ആപ്രിക്കോട്ട് (യു.എസ്.എ), ലോങ്ങൻ പഴം, ഡുക്കുപ്പഴം എന്നിവ അതിൽ ചിലതുമാത്രം. സ്റ്റാർ ഫ്രൂട്ടും ബറാബയും താരങ്ങൾ തന്നെ.
ഊദ് മരത്തിന്റെ തൈ, ഏദൻസ് ഗ്രാമ്പ്, ഡൂറിയൻ ഉൾപ്പടെ തായ്ലന്റ്, മലേഷ്യൻ, കനേഡിയൻ ഫലവൃക്ഷത്തൈകളുടെയും ഓറഞ്ച് തൈകളുടെയും പ്രദർശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. കണ്ണുകൾക്ക് മിഴിവേകാൻ അലങ്കാരച്ചെടികളും തയാർ. മലേഷ്യൻ കുള്ളൻ തെങ്ങിൻതൈ, യെല്ലോ ഡ്വാർഫ് കുള്ളൻ ചെന്തെങ്ങിൻ തൈ, ഡിx ടി തുടങ്ങിയവയാണ് പ്രധാന തെങ്ങിനങ്ങൾ. അപൂർവ ഇനങ്ങളായ പിങ്ക് ലെമൺ, പൂച്ചപ്പഴം, ഓസ്ട്രേലിയൻ ഫിംഗർ ലൈെ, ബ്ളാക്ക് ബെറി തൈകൾ ഇവയും സ്വന്തമാക്കാം.