'പാലക്കാടാണ് ഫോക്കസ് പോയിന്റ്, ട്രോളി ബാഗ് വിവാദം എൽഡിഎഫിന് വോട്ടായി മാറുമെന്നതിൽ സംശയമില്ല'

Saturday 09 November 2024 9:55 AM IST

പാലക്കാട്: ട്രോളി ബാഗ് വിവാദം എൽഡിഎഫിന് വോട്ടായി മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട്ട് നടക്കാൻ പോകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.

'കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ എല്ലാവരുടെയും ഫോക്കസ് പോയിന്റായി മാറിയിരിക്കുന്നത് പാലക്കാടാണ്. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാടിനെ പിൻതളളി പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് ഏ​റ്റവും ആവേശകരമായ കാര്യമാണ്.

കഴിഞ്ഞ പ്രാവശ്യം ഇ ശ്രീധരനാണ് പാലക്കാട്ട് ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത്. അന്ന് ലഭിച്ച വോട്ടുകൾ ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നത് വ്യക്തമായ ചിത്രമാണ്. മതനിരപേക്ഷത മുന്നിൽ വച്ച് ഷാഫി പറമ്പിലിന് കിട്ടിയ വോട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാൻ പോകുന്നില്ല. എൽഡിഎഫിന് വോട്ട് കിട്ടും. ഇതൊക്കെ സ്വാഭാവികമാണ്. ട്രോളി ബാഗ് വിവാദം എൽഡിഎഫിന് വോട്ടായി മാറും. ട്രോളി ബാഗ് വിവാദം കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്'- അദ്ദേഹം വ്യക്തമാക്കി.