ട്രംപ് ജയിച്ചത് ഏത് പൂരം കലക്കി? നവ്യയെ ജയിപ്പിച്ചാൽ കേന്ദ്രമന്ത്രിയാക്കാൻ പോരാടുമെന്ന് സുരേഷ് ഗോപി
വയനാട്: രാജ്യത്തിന് ഒരു വോട്ട് എന്ന നിലയിൽ തൃശൂരിൽ ജനങ്ങൾ തീരുമാനിച്ചതു കൊണ്ടാണ് താൻ ജയിച്ചതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണ സദസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെമ്പും കോലും കലക്കുമൊന്നുമല്ല തന്നെ ജയിപ്പിച്ചതെന്നും, അങ്ങനെയായിരുന്നെങ്കിൽ ട്രംപ് ഏതൊക്കെ പൂരം കലക്കിയാണ് ജയിച്ചതെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി ചോദിച്ചു.
ഇന്ത്യയിലെ പ്രതിപക്ഷം അത് കണ്ടെത്തട്ടേ. അവിടെയും പോയി കേരള പൊലീസ് കേസ് എടുക്കട്ടെ. ഈ വയനാടും ഇങ്ങ് എടുത്തിരിക്കും. നവ്യയെ നിങ്ങൾ ജയിപ്പിച്ചാൽ എന്റെ അടുത്ത പോരാട്ടം നവ്യ വഴി ഒരു കേന്ദ്ര മന്ത്രിക്കായി ആയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടും. വയനാടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണ്. ശിക്ഷാ നടപടികൾ വയനാട്ടുകാർ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആൾ പാർലമെന്റിൽ പുലമ്പുകയാണ്. ഇന്നലെയും അമിത് ഷായുടെ ഓഫീസിൽ നിന്ന് തനിക്ക് ഒരു വീഡിയോ അയച്ചു തന്നു. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.