ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പിതാവ് തൂങ്ങിമരിച്ചു

Saturday 09 November 2024 3:43 PM IST

ആലപ്പുഴ: ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പിതാവ് ജീവനൊടുക്കി. ആര്യാട് സ്വദേശി സുരേഷ് (54) ആണ് ജീവനൊടുക്കിയത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ഇരുപത്തിരണ്ടുകാരനായ മകനെയാണ് സുരേഷ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശേഷം തൂങ്ങി മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

യുവാവ് ചികിത്സയിലാണ്. യുവാവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരേഷും ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ പുറത്തുപോയ സമയത്താണ് മകനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

'ഒരു മണിയോടെയാണ് വിവരമറിയുന്നത്. സുരേഷിന്റെ മകൻ ഭിന്നശേഷിക്കാരനാണ്. അവരുടെ വീടൊക്കെ വളരെ ശോചനീയവസ്ഥയിലാണ്. മകനെ മുന്നോട്ടുകൊണ്ടുപോകുന്നതിലുള്ള പ്രയാസമായിരിക്കാം. സാമ്പത്തിക പ്രശ്നങ്ങളൊക്കെയുണ്ട്. മകൻ ആശുപത്രിയിലാണ്.'- നാട്ടുകാരൻ പറഞ്ഞു. സുരേഷിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു.