'ലക്കി ഭാസ്‌കർ' സിനിമ കാണുന്നതിനിടെ തിയേറ്ററിലെ  വാട്ടർ  ടാങ്ക്  തകർന്നുവീണു; കണ്ണൂരിൽ രണ്ടുപേർക്ക് പരിക്ക്

Saturday 09 November 2024 7:52 PM IST

കണ്ണൂർ: സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. കണ്ണൂർ മട്ടന്നൂരിലെ സഹിന സിനിമാസിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ ടാങ്ക് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗവും തകർന്നു. വാട്ടർ ടാങ്ക് പൊട്ടിയതോടെ മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

വാട്ടർ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിംഗും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവർക്ക് പരിക്കേറ്റത്. ഒരാൾ സീലിംഗിന് അടിയിൽ കുടുങ്ങി. സംഭവത്തെ തുടർന്ന് സിനിമ പ്രദർശനം തടസപ്പെട്ടു. 'ലക്കി ഭാസ്‌കർ' സിനിമയുടെ ഇന്റർവെൽ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴാണ് സംഭവമെന്ന് തിയേറ്ററിലുണ്ടായിരുന്നവർ പറഞ്ഞു.