ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു
കിഴക്കമ്പലം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു. വയനാട് വൈത്തിരി ചുണ്ടയിൽ സ്വദേശിനി ആൻമരിയയാണ് (19) മരിച്ചത്. അറക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ പഴങ്ങനാട് നയാര പെട്രോൾ പമ്പിന് സമീപമാണ് അപടകടം. പഴങ്ങനാട് ഭാഗത്തുനിന്ന് സുഹൃത്തായ ആദർശിനൊപ്പമെത്തിയ ആൻമരിയ സഞ്ചരിച്ച ബൈക്കിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് കുറുകെ എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. നിയന്ത്റണം നഷ്ടപ്പെട്ട ബൈക്കിൽ നിന്ന് വീണ ആൻമരിയയെയും ആദർശിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻ മരിയയുടെ ജീവൻ രക്ഷിക്കാനായില്ല. ആദർശിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണമായ ബൈക്ക് നിർത്താതെ പോയി. ബൈക്ക് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.