അഖിലിന് പാട്ടുതുടരണം, ജീവിതവും സുമനസുകളുടെ സഹായം തേടി യുവഗായകൻ
കാക്കനാട്: ഇരു വൃക്കകളും തകരാറിലായ യുവ ഗായകൻ ചികിത്സാസഹായം തേടുന്നു. തെങ്ങോട് പള്ളത്തു ഞാലിൽ വീട്ടിൽ പി.വി അഖിലാണ് ( 30) സുമനസുകളുടെ കാരുണ്യം തേടുന്നത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് അഖിലിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
വീട്ടുകാരുടെയും ബന്ധുക്കളുടെയും സാമ്പിൾ പരിശോധിച്ചതിൽ അനുയോജ്യമായ ഗ്രൂപ്പുകാരെ കണ്ടെത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞ മാർച്ച് മുതലാണ് അഖിലിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. എറണാകുളം ലിസി ആശുപത്രിയിലാണ് ചികിത്സ. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കൽ ഉൾപ്പടെയുള്ള ചികിത്സക്ക് 50 ലക്ഷമാണ് വേണ്ടത്.
ഗാനമേളകളിൽ ഗായകനായി പോയിരുന്ന അഖിലിന്റെ രോഗവസ്ഥയെ തുടർന്ന് ആകെയുണ്ടായിരുന്ന ഉപജീവന മാർഗം നിലച്ചതോടെ ഏറെ ദുരിതമാണ് കുടുംബം നേരിടുന്നത്. അഖിലിന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസമെ ആയിട്ടുള്ളൂ. ഭാര്യ മേഘയ്ക്ക് ജോലിയില്ല. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സക്കുള്ള പണം സ്വരൂപിക്കാനായി പി.വി അഖിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ രാധാമണി പിള്ള, വൈസ് ചെയർമാൻ അബ്ദു ഷാന, സ്ഥിരം സമിതി അദ്ധ്യക്ഷ സ്മിത സണ്ണി എന്നിവർ രക്ഷാധികാരികളായും വാർഡ് കൗൺസിലർ സുനി കൈലാസൻ ചെയർപേഴ്‌സണായും കെ.എ ശശി ജനറൽ കൺവീനറായും സി.ആർ രാഹുൽരാജ് ട്രഷററായും ചികിത്സ സഹായ നിധി രൂപവത്കരിച്ചു. കാക്കനാട് സിവിൽ സ്റ്റേഷൻ എസ്.ബി.ഐ ശാഖയിൽ ആരംഭിച്ച അക്കൗണ്ടിലേക്ക് സുമനസ്സുകളിൽ നിന്നും സഹായം തേടുകയാണ് നാട്ടുകാർ.
അക്കൗണ്ട് വിവരം
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സിവിൽ സ്റ്റേഷൻ ബ്രാഞ്ച്
പി.വി അഖിൽ ചികിത്സ സഹായ സമിതി
അക്കൗണ്ട് നമ്പർ.: 43482628163
IFSC: SBIN0070339