കവളപ്പാറയിൽ ശക്തമായ മഴ,​ തെരച്ചിൽ നിറുത്തിവച്ചു: ഒരു മൃതദേഹം കൂടി കണ്ടെത്തി

Wednesday 14 August 2019 10:32 AM IST

മലപ്പുറം: കനത്ത മഴയെതുടർന്നുണ്ടായ ഉരുൾപ്പെട്ടലിൽ മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കാണാതായവർക്കുള്ള തെരച്ചിൽ നടക്കുന്നു. എന്നാൽ, കളകപ്പാറയിൽ ശക്തമായ മഴയെ തുടർന്ന് തെരച്ചിൽ നിറുത്തിവച്ചു. ഇവിടെ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ 24 പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിലെ ദുരന്ത ഭൂമിയിൽ നിന്ന് കണ്ടെടുത്തത്. 35 പേരെയാണ് ഇനി മണ്ണിനടിയിൽ നിന്ന് കണ്ടെത്താനുള്ളത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 96 ആയി.

പുത്തുമല ദുരന്തത്തിലെ ഏഴ് മൃതദേഹങ്ങളുടെയും സ്ഥാനം വിദഗ്ധന്റെ സഹായത്തോടെ നിർണയിച്ച് പ്രത്യേക ഭൂപടം തയ്യാറാക്കി തെരച്ചിൽ നടത്തുകയാണ് ഇപ്പോൾ. എവിടെയൊക്കെ ആളുകൾ നിൽക്കാൻ സാദ്ധ്യതയുണ്ടെന്ന് പ്രദേശവാസികളുടെയും മറ്റും വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദീപ് പുത്തുമല ദുരന്ത ഭൂമിയുടെ സ്കെച്ച് വരച്ചത്. കഴിഞ്ഞ ഉരുൾ പൊട്ടലിലും പ്രദീപ് വരച്ച സ്കെച്ച് പ്രകാരം തെരച്ചിൽ നടത്തിയിരുന്നു.