മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യ ആസ്തി 12,518 കോടി രൂപയായി
Sunday 10 November 2024 12:13 AM IST
കൊച്ചി: ഇന്ത്യയിലെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആസ്തികൾ 15.2 ശതമാനം വർദ്ധിച്ച് 12,518 കോടി രൂപയിലെത്തി. ആകെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം വർദ്ധിച്ച് 667 കോടി രൂപയായി. അറ്റ പലിശ വരുമാനം 13.36 ശതമാനമായി ഉയർന്നു. വകയിരുത്തലുകൾക്ക് മുൻപുള്ള പ്രവർത്തന ലാഭം 26.1 ശതമാനം വർദ്ധിച്ച് 236 കോടി രൂപയിലെത്തി. അറ്റാദായം 109 കോടി രൂപയിൽ നിന്ന് 62 കോടി രൂപയിലെത്തി. അടുത്ത കാലത്ത് ഈ മേഖലയിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിലും മുത്തൂറ്റ് മൈക്രോഫിൻ ഈ ത്രൈമാസത്തിൽ ശക്തമായ പ്രകടനം കാഴ്ച വെച്ചതായി മാനേജിംഗ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു. സ്വർണ വായ്പാ രംഗത്ത് വാർഷികാടിസ്ഥാനത്തിൽ 15.2 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 31 പുതിയ ബ്രാഞ്ചുകളും ആരംഭിച്ചു.